കര്‍ണാടകയില്‍ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കില്‍ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടും: അഡ്വക്കേറ്റ് എ ജയശങ്കര്‍

അഡ്വക്കേറ്റ് എ ജയശങ്കര്‍

കൊച്ചി: കര്‍ണാടകയില്‍ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കില്‍ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടുമെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തുന്ന പക്ഷം, കോണ്‍ഗ്രസിന് വരുന്ന നവംബറില്‍ ആത്മവിശ്വാസത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും അടുത്ത ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും നേരിടാമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നതെന്നും, കോണ്‍ഗ്രസിനോടും ബിജെപിയോടും പരമാവധി വിലപേശി സ്ഥാനമാനങ്ങള്‍ നേടനാണ് ഗൗഡയുടെ ശ്രമമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 12ന് വോട്ടെടുപ്പ്, 15ന് ഫലപ്രഖ്യാപനം. കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളില്‍ ഏറ്റവും വലുതാണ് കര്‍ണാടക. ബിജെപിയാണ് മുഖ്യ എതിരാളി. അതുകൊണ്ട് ജയിച്ചേ മതിയാകൂ. ദക്ഷിണേന്ത്യയില്‍ താമരയ്ക്കു വേരു പിടിപ്പുളള ഏക സംസ്ഥാനമാണ് കര്‍ണാടക. അവിടെ ഭരണം തിരിച്ചു പിടിക്കേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്‌നമാണ്.

പഴയ പ്രതാപമില്ലെങ്കിലും മതേതര ജനതാദളിനു പൊരുതിയേ തീരൂ. പരമാവധി സീറ്റുകള്‍ നേടി സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തി നിലനിര്‍ത്തണം. നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മിലല്ല, കര്‍ണാടക യുദ്ധം. യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ്. തഴക്കവും പഴക്കവും വന്ന ചേകവന്മാരാണ് രണ്ടു പേരും.

അഭിപ്രായ വോട്ടെടുപ്പുകാരെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം കല്പിക്കുന്നത്. ജനപിന്തുണയില്‍ യെദ്യൂരപ്പയേക്കാള്‍ ബഹുദൂരം മുന്നിലാണ് സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തുന്ന പക്ഷം, കോണ്‍ഗ്രസിന് വരുന്ന നവംബറില്‍ ആത്മവിശ്വാസത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും അടുത്ത ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും നേരിടാം.

കര്‍ണാടകയില്‍ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കില്‍ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടും, വരുന്ന നവംബറില്‍ മധ്യപ്രദേശിനും രാജസ്ഥാനുമൊപ്പം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നത്. കോണ്‍ഗ്രസിനോടും ബിജെപിയോടും പരമാവധി വിലപേശി സ്ഥാനമാനങ്ങള്‍ നേടണം. പറ്റുമെങ്കില്‍ മകന്‍ കുമാരസ്വാമിയെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാക്കണം.

DONT MISS
Top