കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് പ്രവേശനം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്

സര്‍ക്കാരുകള്‍ ഇങ്ങനെ ഓര്‍ഡിനന്‍സുകള്‍ ഇറക്കിയാല്‍ മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് പോലുള്ള കേസുകളുടെ അവസ്ഥ എന്താകുമെന്ന് കേരളത്തോട് സുപ്രിം കോടതി? കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനായി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യും എന്ന് കോടതിയുടെ മുന്നറിയിപ്പ്.

കരുണ മെഡിക്കല്‍ കോളെജ്

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളുടെ പേരില്‍ നിയമലംഘനം അനുവദിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി വിധി മറികടക്കാനുള്ള സര്‍ക്കാരിന്റെ പ്രവണത അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാരുകള്‍ ഇങ്ങനെ നിയമരൂപീകരണം നടത്തിയാല്‍ മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് പോലുള്ള കേസുകളുടെ അവസ്ഥ എന്താകുമെന്ന് കോടതി ആരാഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി റദ്ദാക്കിയ വിദ്യാര്‍ത്ഥി പ്രവേശനം മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിനെതിരെ സുപ്രിം കോടതി ആഞ്ഞ് അടിച്ചത്. 2016-17 അധ്യയന വര്‍ഷം അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികളുടെയും കരുണ മെഡിക്കല്‍ കോളെജിലെ 30 വിദ്യാര്‍ത്ഥികളുടെയും പ്രവേശനം ചട്ടവിരുദ്ധമാണെന്ന പ്രവേശന മേല്‍നോട്ട സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും അമിതാവ റോയിയും അടങ്ങിയ ബെഞ്ച് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയത്.

കണ്ണൂര്‍ മെഡിക്കല്‍ കോളെജ്

നിരവധി തവണ കോടതി തള്ളിയ കേസിലാണ് വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. കോടതി വിധി മറികടക്കാനുള്ള സര്‍ക്കാരിന്റെ പ്രവണത അംഗീകരിക്കാനാകില്ല. വിദ്യാര്‍ത്ഥികളുടെ പേരില്‍ നിയമലംഘനം അനുവദിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരുകള്‍ ഇങ്ങനെ നിയമരൂപീകരണം നടത്തിയാല്‍ മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് പോലുള്ള കേസുകളുടെ അവസ്ഥ എന്താകുമെന്ന് കോടതി സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകനോട് ആരാഞ്ഞു.

സാധാരണ ഓര്‍ഡിനന്‍സുകള്‍ കോടതി സ്റ്റേ ചെയ്യാറില്ല. എന്നാല്‍ ഈ കേസില്‍ ചെയ്യേണ്ടി വരുമെന്ന് ജസ്റ്റിസ് യുയു ലളിത് ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച സംസ്ഥാനസര്‍ക്കാരിന്റെ വാദം കൂടി കേട്ട ശേഷം സ്റ്റേ ഉത്തരവ് നല്‍കുമെന്ന സൂചനയാണ് കോടതി നല്‍കിയത്.

അതേസമയം, മാനുഷിക പരിഗണന വെച്ചാണ് ഭരണ-പ്രതിപക്ഷ ഭേദമന്യെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റിന്റെ ചതിയില്‍ നിന്ന് രക്ഷിക്കാനായിരുന്നു നടപടിയെന്നും നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

DONT MISS
Top