പന്തില്‍ കൃത്രിമം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്, ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകും

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് നടപടി. ഇതോടെ ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളും ഇവര്‍ക്ക് നഷ്ടമാകും. പന്തില്‍ കൃത്രിമം കാട്ടിയ കാമറൂണ്‍ ബന്‍ക്രോഫ്റ്റിന് 9 മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 12 മാസത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഏഴ് ദിവസത്തെ സമയം മൂവര്‍ക്കും  അനുവദിച്ചിട്ടുണ്ട്.

മുന്‍ താരങ്ങളുള്‍പ്പെടെ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് കടുത്ത നടപടിക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുതിര്‍ന്നത്. സംഭവം വന്‍വിവാദമായതിനെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും ടീമിന്റെ നായക-ഉപനായക പദവികള്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവി സ്മിത്തിനും, ഹൈദരാബാദ് നായകസ്ഥാനം വാര്‍ണര്‍ക്കും നഷ്ടമായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ വച്ച് നടന്ന മൂന്നാം ടെസ്റ്റിനിടിയാണ് ക്രിക്കറ്റ് ലോകത്തിന് നാണക്കേടുണ്ടാക്കിയ സംഭവം. മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയെന്ന് ക്യാപ്റ്റന്‍ സ്മിത്ത് തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തുകയായിരുന്നു. ക്യാപ്റ്റന്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഓസീസ് ഓപ്പണര്‍ കൂടിയായ ബെന്‍ ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം നടത്തിയത്. ആതിഥേയര്‍ ശക്തമായ നിലയിലേക്ക് നീങ്ങവെയാണ് മത്സരം കൈവിടാതിരിക്കാന്‍ ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പന്ത് ചുരണ്ടിയതെന്ന് സ്മിത്ത് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ 43ാം ഓവറിലാണ് സംഭവം നടന്നത്. മഞ്ഞ നിറമുള്ള ഒരു വസ്തു ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും ബെന്‍ക്രോഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ യഥാര്‍ത്ഥ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ക്രോഫ്റ്റ് അമ്പയര്‍മാരെ കാണിച്ചത്. പക്ഷെ വിവാദം കൊഴുത്തതോടെ സ്മിത്ത് സത്യം വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

DONT MISS
Top