കര്‍ണാടകയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഐഎം, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനൊരുങ്ങി സിപിഐഎം. സംസ്ഥാനത്തെ 26 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സന്നദ്ധത സിപിഐ വ്യക്തമാക്കിക്കഴിഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ സംസ്ഥാനമാണ് കര്‍ണാടക. വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയുള്ള സംസ്ഥാനവുമാണ്. ഇവിടെ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മെയ് 12 നാണ് വോട്ടെടുപ്പ്. 15 ന് ഫലപ്രഖ്യാപനവും.

ഇതുവരെ വന്ന അഭിപ്രായസര്‍വെകള്‍ പ്രകാരം കെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും. ഏറ്റവും ഒടുവില്‍ വന്ന സീവോട്ടര്‍ സര്‍വെ കോണ്‍ഗ്രസിന് 126 സീറ്റുകളും 46 ശതമാനം വോട്ടുകളുമാണ് പ്രവചിക്കുന്നത്. അധികാരത്തിലേക്ക് തിരിച്ച് വരാന്‍ ശ്രമിക്കുന്ന ബിജെപിക്ക് 70 സീറ്റുകളാണ് പ്രവചിക്കുന്നത്.

ബിജെപിക്കെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിപക്ഷമുന്നണി രൂപീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷഐക്യം മുന്നേറുന്നത്. ഇതിനിടയിലാണ് സിപിഐഎം സ്വന്തമായി മത്സരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്വാധീനമുള്ള 26 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. മറ്റ് സീറ്റുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കം വിജയസാധ്യതയുള്ള മതനിരപേക്ഷ കക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലാണ് സിപിഐഎം മത്സരിച്ചത്. അന്ന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ലഭിച്ചത് 68,775 വോട്ടുകള്‍. ഒരു സീറ്റില്‍ പോലും വിജിക്കാനുമായില്ല. സിപിഐയ്ക്കും വോട്ട് ഒരു ശതമാനത്തില്‍ കുറവായിരുന്നു, സീറ്റൊന്നും ലഭിച്ചതുമില്ല. എട്ട് സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ലഭിച്ചത് 25,450 (0.08 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. ദക്ഷിണകര്‍ണാടകയില്‍ ചിലയിടങ്ങളില്‍ സിപിഐഎമ്മിന് ഇപ്പൊഴും ഗണ്യമായ സ്വാധീനമുണ്ട്.

ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരുന്നത് തങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാലാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്നും സിപിഐ സംസ്ഥാനസെക്രട്ടറി സിദ്ധനഗൗഡ പാട്ടീല്‍ പറഞ്ഞു. സഹകരിക്കാനുള്ള താത്പര്യം അറിയിച്ച് സംസ്ഥാനകോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വയ്ക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കത്തയിച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top