ആള്‍ക്കൂട്ടം വീണ്ടും കാഴ്ചക്കാരായി; കടയ്ക്കാവൂരില്‍ അപകടത്തില്‍പ്പെട്ട വയോധികയെ തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം [വീഡിയോ]

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടവരെ കണ്ടില്ലെന്ന് നടിക്കുന്ന മലയാളിയുടെ ദുഷ്‌പേരിന് മറ്റൊരു ഉദാഹരണം കൂടി. തിരുവനന്തപുരം കടയ്ക്കാവൂരില്‍ അപകടത്തില്‍പ്പെട്ട വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ഒരാളും വാഹനം നിര്‍ത്തിയില്ല. അമിതവേഗതയിലെത്തിയ ബൈക്കിടിപ്പിച്ച് തെറിപ്പിച്ച വീട്ടമ്മയാണ് ഏറെ സമയം വഴിയില്‍ കിടന്നത്.

ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം കടയ്ക്കാവൂരില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മത്സ്യവില്‍പ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സത്രീയെ അമിതവേഗതയില്‍ എത്തില്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്നു. റോഡില്‍ വീണുപോയ ഇവരെ തിരിഞ്ഞു നോക്കാതെ ബൈക്ക് ഓടിച്ചു പോയി. അഞ്ചുതെങ്ങ് സ്വദേശിനിയും മത്സ്യതൊഴിലാളിയുമായ ഫിലോമിനയാണ് അപകടത്തില്‍ പെട്ടത്.

ഇതിനിടെ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നു പോയെങ്കിലും ആരും റോഡില്‍ കിടക്കുന്ന സ്ത്രീയ്ക്ക് എന്തു പറ്റിയെന്നറിയാന്‍ പോലും വാഹനം നിര്‍ത്തുന്നില്ല. ചിറയിന്‍കീഴ് പൊലീസില്‍ നാട്ടുകാരിലാരോ വിവരമറിയിച്ച് അവര്‍ സ്ഥലത്തെത്തും മുമ്പ് നാട്ടുകാരില്‍ ചിലര്‍ ഇവരെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫിലോമിന നിലവില്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി ഇവരെ ഇടിച്ച ബൈക്ക് കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top