“മോഹന്‍ലാല്‍” കഥ മോഷണമെന്ന ആരോപണം: കലവൂര്‍ രവികുമാറിന്റെ വാദം തെറ്റെന്ന് സംവിധായകന്‍ സാജിദ് യാഹിയ

“മോഹന്‍ലാല്‍” എന്ന സിനിമയുടെ തിരക്കഥ തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണെന്നുള്ള സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാറിന്‍റെ വാദം തെറ്റാണെന്ന് ചിത്രത്തിന്റെ കഥാകൃത്തും, സംവിധായകനുമായ സാജിദ് യാഹിയ. ഫെഫ്കയില്‍ വച്ച് തിരക്കഥ അടക്കം വായിച്ചതാണ്. “മോഹന്‍ലാല്‍” സിനിമയും, കലവൂര്‍ രവികുമാറിന്‍റെ കഥയുമായി ബന്ധമില്ലായെന്നത് അന്ന് തെളിഞ്ഞതുമാണ്. എന്നിട്ടും റിലീസ് വേളയില്‍ വിണ്ടും വാദവുമായി എത്തുന്നതിന് പിന്നിലെ രവികുമാറിന്റെ അജണ്ട മറ്റെന്തോ ആണെന്നും സാജിദ് യാഹിയ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

തന്റെ തിരക്കഥ മോഷണമാണെന്നു പറയുന്ന കലവൂര്‍ രവികുമാറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും സാജിദ് പറഞ്ഞു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീഷ് വരനാട് തിരക്കഥ എഴുതുന്ന ചിത്രത്തിനെതിരെ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് സാജിദിന്റെ പ്രതികരണം.

താനെഴുതിയ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് മോഹന്‍ലാലെന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂര്‍ രവികുമാറിന്‍റെ വാദം. മോഹന്‍ലാല്‍ എന്ന സിനിമ പ്രഖ്യാപിച്ച വേളയിലും രവികുമാര്‍ ഇത്തരത്തില്‍ ആരോപണമായി രംഗത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമ സംഘടനയായ ഫെഫ്കയില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് ഫെഫ്കയില്‍ ഇരുവരുമായി അന്ന് നടന്ന ചര്‍ച്ചയില്‍ കലവൂരിന് ഒരു ലക്ഷം രൂപ നല്‍കാനും സിനിമയുടെ തുടക്കത്തില്‍ നന്ദി എഴുതികാണിക്കാനുമാണ് ധാരണയായിരുന്നതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

മോഹന്‍ലാല്‍ സിനിമയുടെ ടീസറടക്കം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ  ശ്രദ്ധിക്കപ്പെട്ടവയാണ്. ചിത്രം വിഷുവിനു തിയേറ്ററില്‍ എത്താന്‍ ഇരിക്കുമ്പോഴാണ് പഴയ വിവാദം വിണ്ടും തലപൊക്കുന്നത്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി വേണമെന്ന ആവശ്യമുന്നയിച്ച് കലവൂര്‍ രവി കുമാര്‍ തൃശൂര്‍ ജില്ല കോടതിയില്‍ ഹര്‍ജി നല്‍കി എന്നും  റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ രവികുമാറിന്റെ ആരോപണം തെറ്റാണെന്ന് കാണിക്കാന്‍ തങ്ങളും കോടതിയെ സമീപിക്കാന്‍ ഒരുക്കമാണെന്നും  കഥ മോഷണമാണെന്ന രവികുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്കയിലും പരാതി കൊടുക്കുമെന്നും സാജിദ് പറയുന്നു. സിനിമയുടെ പ്രാരംഭഘട്ട ചര്‍ച്ചയില്‍ ഈ വിഷയം  ഉയര്‍ന്നപ്പോള്‍ ഫെഫ്കയുടെ മുന്‍പാകെ ഒരു ലക്ഷം രൂപ നല്‍കാമെന്ന് തങ്ങള്‍ സമതിച്ചതാണ്.  അത് കഥ മോഷ്ടിച്ചതിനല്ലെന്നും പകരം രവികുമാറിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണെന്നും സാജിദ് പറയുന്നു.  മാത്രമല്ല  മോഹന്‍ലാല്‍ എന്ന വാക്ക് ഉപയോഗിച്ച് അദ്ദേഹത്തിന് മറ്റൊരു സിനിമ എടുക്കാനാകില്ലെന്നതും കൂടി പരിഗണിച്ചാണ് രൂപ നല്‍കാന്‍ തീരുമാനിച്ചതെന്നും അതിന് തങ്ങള്‍ തയ്യാറായിരുന്നുവെന്നും സാജിദ് യാഹിയ പ്രതികരിച്ചു.

മോഹന്‍ലാല്‍ എന്ന സിനിമ കലവൂര്‍ രവി കുമാറിന്റെ കഥാ സമാഹാരവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളത് ഫെഫ്ക മുന്‍പാകെ തിരക്കഥ അടക്കം സമര്‍പ്പിച്ച വേളയില്‍ തെളിഞ്ഞതാണെന്ന് സിനിമയുടെ തിരക്കഥാകൃത്തായ സുനീഷ് വരനാട് റിപ്പോര്‍ട്ടറോട് പറഞ്ഞു. ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ രക്ഷാധികാരി ബൈജു മൈതാനം എന്ന കഥയാണെന്നും ദിലീപ് പ്രധാനവേഷത്തിലെത്തിയ ജോര്‍ജേട്ടന്‍സ് പൂരം തന്റെ കഥയാണെന്നും തുടങ്ങി നിരവധി വാദങ്ങളുമായി നേരത്തെയും രവികുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ സിനിമയുടെ പൂര്‍ണ തിരക്കഥ കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും കോടതിയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സാജിദ് പറയുന്നു.

DONT MISS
Top