ക്യാമറ ഓണാക്കി മെറിന്‍ കരഞ്ഞു; കണ്ടുനിന്നവര്‍ കൂടെ കരഞ്ഞു- ഡെമോക്രേസി

കേരള സര്‍വ്വകലാശാലാ കലോത്സവം ‘കലാപോത്സവ’മായി അവസാനിച്ചിട്ട് ദിവസങ്ങള്‍ ആയിട്ടില്ല. സീരിയല്‍ നടിയും മാര്‍ ഇവാനിയോസ് കോളെജ് വിദ്യാര്‍ത്ഥിനിയുമായ മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍ വേണ്ടി തനിക്കര്‍ഹതപ്പെട്ട കഥാപ്രസംഗത്തിന്റെ ഒന്നാംസ്ഥാനം സംഘാടകര്‍ രണ്ടാംസ്ഥാനത്തേക്കാക്കി എന്നാരോപിച്ച് നിലവിളിച്ചുകൊണ്ട് ഗ്രിഗോറിയന്‍ കോളെജിലെ മെറിന്‍ രംഗത്തുവന്നതോടെയാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്.

മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍ വേണ്ടി ഫലം പ്രഖ്യാപിച്ച ശേഷവും ചില ഇനങ്ങളില്‍ തിരുത്തല്‍ വരുത്തിയെന്നായിരുന്നു മെറിന്റെയും മെറിന്റെ രക്ഷിതാക്കളുടെയും പരാതി. കഥാപ്രസംഗത്തില്‍ മെറിന്‍ ഒന്നാംസ്ഥാനത്തും മാര്‍ ഇവാനിയോസ് കോളെജിലെ റാണി രണ്ടാംസ്ഥാനത്തുമായിരുന്നു. പക്ഷേ ഒരൊറ്റ രാത്രി പുലര്‍ന്നതോടെ മത്സരഫലം അപ്പീല്‍ പ്രകാരം തിരുത്തി. മഹാലക്ഷ്മി ഒന്നാംസ്ഥാനത്തും മെറിന്‍ രണ്ടാംസ്ഥാനത്തും റാണി മൂന്നാംസ്ഥാനത്തുമായി. അങ്ങനെയാണ് മെറിന്‍ സ്വന്തം മൊബൈല്‍ ക്യാമറയിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ക്യാമറകള്‍ക്കുമുന്നിലും നിലവിളിക്കുന്ന കാഥികയായത്.

മെറിന്റെ കരച്ചിലും മനോഹരമായ മുഖഭാവങ്ങളോടു കൂടിയ സുന്ദരമായ പ്രകടനങ്ങളും കണ്ടപ്പോള്‍, കഥാപ്രസംഗത്തില്‍ രണ്ടാംസ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട റാണിയും പൊട്ടിക്കരഞ്ഞു.

എങ്കില്‍ താനും കരയുക തന്നെ ചെയ്യുമെന്നായി ക്രൈസ്റ്റ് നഗര്‍ കോളെജിലെ കുച്ചുപ്പുടി ദിവ്യ. ആദ്യം ഫലം പ്രഖ്യാപിക്കുമ്പോല്‍ ദിവ്യയായിരുന്നു കുച്ചുപ്പുടിയില്‍ ഒന്നാംസ്ഥാനത്ത്. പക്ഷേ കഥാപ്രസംഗത്തിലെ പോലെ മഹാലക്ഷ്മി ഒന്നാംസ്ഥാനത്തെത്തുകയും ദിവ്യ ആദ്യ മൂന്നുസ്ഥാനങ്ങളില്‍ നിന്നുതന്നെ പുറത്താവുകയും ചെയ്തു. ദിവ്യയും കരച്ചില്‍ യജ്ഞം തുടങ്ങി.

എന്തായാലും കലോത്സവം കഴിഞ്ഞപ്പോള്‍ സീരിയല്‍ നടി മഹാലക്ഷ്മിക്ക് കലാതിലകപ്പട്ടം കിട്ടിയില്ല എന്നതുമാത്രമാണ് ഇപ്പോള്‍ മെറിന്റെയും റാണിയുടെയും ദിവ്യയുടെയും ആശ്വാസം. പക്ഷേ, നല്ല പുതുമുഖ നടിമാരെ അന്വേഷിച്ച് നടക്കുന്ന സംവിധായകര്‍ക്ക് വേണമെങ്കില്‍ മെറിനെ ഒന്ന് നോട്ടമിടാം. കലോത്സവത്തില്‍ കലാതിലകമാവാന്‍ വേണ്ടി വിങ്ങിപ്പോട്ടി കരഞ്ഞ നവ്യാനായര്‍ അടക്കമുള്ള കരച്ചില്‍താരങ്ങളെ വളര്‍ത്തിയ നാടാണ് കേരളം. ഇവിടെയിതാ കഥാപ്രസംഗത്തെ വെല്ലുന്ന രീതിയില്‍, മൊബൈല്‍ ക്യാമറ ഓണാക്കി ഒരേ സമയം താന്‍ റെക്കോഡ് ചെയ്യപ്പെടുന്നുണ്ടോ എന്ന് ഒരുകണ്ണുകൊണ്ട് നോക്കിക്കൊണ്ടും മറുകണ്ണുകൊണ്ട് മനോഹരമായി കരഞ്ഞുകൊണ്ടും, അതിനിടയില്‍ തന്നെ സുന്ദരമായ ഡയലോഗുകളെ ചേരുംപടി ചേര്‍ത്ത് അര്‍ത്ഥവ്യാപ്തി വ്യക്തമാകും വിധം ഉച്ചരിച്ചുകൊണ്ടും, കരഞ്ഞഭിനയിക്കുമ്പോള്‍ ചില പരിചയസമ്പന്നരായ നടികളുടെ പോലും മുഖങ്ങളില്‍ വരുന്നതരം ഗോഷഠീഭാവങ്ങള്‍ ഒഴിവാക്കിക്കൊണ്ടും, അര്‍ഹിക്കുന്ന സ്ഥാനം നിഷേധിക്കപ്പെട്ട ഒരു കലാകാരിയുടെ ആത്മരോഷവും ധര്‍മ്മസങ്കടവും ഭാവവ്യഞ്ജകമായി പകര്‍ന്നാടിയിരിക്കുകയാണ് മെറിന്‍. കൊത്തിയെടുത്താല്‍ സിനിമാക്കാര്‍ക്ക് കൊള്ളാം.

DONT MISS
Top