ജോര്‍ജ് ആലഞ്ചേരിക്കെതിരായ അന്വേഷണത്തിനുള്ള സേറ്റ് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ദില്ലി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസിലെ പരാതിക്കാരനായ ഷൈന്‍ വര്‍ഗീസും സഭാവിശ്വാസി മാര്‍ട്ടിന്‍ പയ്യമ്പള്ളിയും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുക. സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വിവാദ ഭൂമി ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുത് എന്ന് ഉന്നത ഉദ്യേഗസ്ഥര്‍ നിര്‍ദേശിച്ചതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത് എന്ന് ഷൈന്‍ വര്‍ഗീസ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നല്‍കിയ റിട്ട് അപ്പീല്‍ നിലനില്‍ക്കില്ല എന്നും ഷൈന്‍ വര്‍ഗീസ് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കര്‍ദിനാളിനെ നേരിട്ട് കുറ്റപ്പെടുത്താതെ സഭയെ വഞ്ചിച്ച ഇടനിലകാരന്‍ സാജു വര്‍ഗീസിന് എതിരായ കേസിലെ സ്‌റ്റേ നീക്കണമെന്നാവശ്യപെട്ടാണ് സഭാ വിശ്വാസിയായ മാത്യു പയ്യമ്പള്ളി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ രണ്ട് ഹര്‍ജികളിലും ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ വിഭാഗത്തിലെ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടം തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ മൂന്നാം തീയതി ഹൈക്കോടതി ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കെ സുപ്രിം കോടതി ഇടപെടരുത് എന്നാകും കര്‍ദിനാളിനെ പിന്തുണയ്ക്കുന്നവരുടെ വാദം. ജസ്റ്റിസ്മാരായ എകെ ഗോയല്‍ ആര്‍എഫ് നരിമാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

DONT MISS
Top