സി ബി ഹോണറ്റ് 160ആര്‍ എബിഎസ് വെര്‍ഷന്‍ പുറത്തിറങ്ങി; എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഹോണ്ട


150 സിസി സെഗ്മെന്റിലെ മിന്നും താരങ്ങളാണ് ഹോണറ്റും ജിക്‌സറും. എഫ്‌സി 150, പള്‍സര്‍ 160 എന്നിവരും ഈ സെഗ്മെന്റിലേക്ക് ചേരുമ്പോള്‍ മത്സരം കടുക്കുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഹോണ്ട ഹോണറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തി ദില്ലി ഓട്ടോ ഷോയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ പുതുപുത്തന്‍ മോഡല്‍ നിരത്തുകളിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ്. 92,675 രൂപയാണ് ഉയര്‍ന്ന വേരിയന്റിന്റെ ദില്ലി എക്‌സ് ഷോറൂം വില.

എബിഎസും എല്‍ഇഡി ഹെഡ്‌ലൈറ്റുകളുമാണ് പുതുതായി ഉണ്ടാകുന്ന മാറ്റങ്ങള്‍. നേരത്തെ സിബിഎസ് അഥവാ കോംബി ബ്രേക്ക് ഹോണറ്റില്‍ ഹോണ്ട നല്‍കിവരുന്നുണ്ട്. ഈ മോഡലുകള്‍ നിലനിര്‍ത്തിയാകും പുതിയ മോഡലുകളും എത്തുക. എന്നാല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ് എല്ലാ വേരിയന്റിലും ഉള്‍പ്പെടുത്താനാണ് സാധ്യത. സിംഗിള്‍ ചാനല്‍ എബിഎസ്സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നത് ഒരല്‍പം നിരാശയുണ്ടാക്കുന്നുവെങ്കിലും നിലവില്‍ ലഭിക്കുന്നതിലും അധിക സുരക്ഷ ലഭിക്കും എന്നത് വസ്തുതയാണ്.

15.04 പിഎസ് കരുത്തേകുന്ന 162 സിസി എഞ്ചിനാണ് ഹോണറ്റിന്റെ കരുത്ത്. നിരവധി സാങ്കേതിക വിദ്യകളും ഹോണ്ട ഹോണറ്റില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. സിംഗിള്‍ റൈഡുകളില്‍ മൃദുവല്ലാത്ത സസ്‌പെന്‍ഷന്‍ സുഖക്കുറവ് ഉണ്ടാക്കുമെന്ന് ആരോപിക്കാമെങ്കിലും രണ്ടുപേരടങ്ങിയ യാത്രയില്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച സുഖം പ്രദാനം ചെയ്യുന്നു. വലിയ ടയറുകളും മികച്ച റൈഡിംഗ് പൊസിഷനും ഫിറ്റ് ആന്‍ഡ് ഫിനിഷും മൈലേജും കണക്കിലെടുക്കുമ്പോള്‍ ഹോണറ്റ് റൈഡര്‍മാരുടെ മനസ് കീഴടക്കിയതില്‍ അത്ഭുതപ്പെടാനില്ല.

DONT MISS
Top