കേരളത്തിന് ഏറ്റവും വലിയ തിരിച്ചടിയാവുകയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍: തോമസ് ഐസക്

തോമസ് ഐസക്

കൊച്ചി: കേരളത്തിന് ഏറ്റവും വലിയ തിരിച്ചടിയാവുകയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷനെന്ന് ധനമന്ത്രി തോമസ് ഐസക്. പുതിയ മാനദണ്ഡമനുസരിച്ച് പ്രതിവര്‍ഷം 2000 – 3000 കോടിയാണ് നമുക്ക് നഷ്ടമാകാന്‍ പോകുന്നതെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ സമ്മേളനം ഏപ്രില്‍ പത്തിന് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഫെഡറല്‍ വിരുദ്ധ ടേംസ് ഓഫ് റഫറന്‍സിനെതിരെ ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സംവാദമായിരിക്കും ഇതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കേരളത്തിന് ഏറ്റവും വലിയ തിരിച്ചടിയാവുകയാണ് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍. പുതിയ മാനദണ്ഡമനുസരിച്ച് പ്രതിവര്‍ഷം 2000 – 3000 കോടിയാണ് നമുക്ക് നഷ്ടമാകാന്‍ പോകുന്നത്. നികുതിവിഹിതം സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത് മുപ്പത് ശതമാനം പരിഗണന ഓരോ സംസ്ഥാനത്തിന്റെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്. ഇതേവരെ 1971ലെ സെന്‍സസിനെയാണ് ആധാരമാക്കിയിരുന്നത്. ഇതു പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 3.93 ശതമാനം കേരളത്തിലായിരുന്നു. എന്നാല്‍ പുതിയ ഫിനാന്‍സ് കമ്മിഷന്റെ കണക്കുകൂട്ടലിന് മാനദണ്ഡമാക്കാന്‍ പോകുന്നത് 2011ലെ സെന്‍സെസിനെയാണ്. ഇതുപ്രകാരം കേരളത്തിന്റെ വിഹിതം 2.81 ശതമാനമാണ്. ഇതുപ്രകാരം കേരളത്തിന്റെ വിഹിതം 2.81 ശതമാനമാണ്.

നമ്മെ ദോഷകരമായി ബാധിക്കുന്ന വേറെയും കര്‍ശനമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമവും ധനകാര്യ കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സിലുണ്ട്. സംസ്ഥാനങ്ങളുടെ കടം ജിഡിപി അനുപാതം 20 ശതമാനം ആക്കാനാണ് ശ്രമം. എന്നുവെച്ചാല്‍ സംസ്ഥാനത്തിന്റെ ധനക്കമ്മി ഇപ്പോള്‍ മൂന്ന് ശതമാനം ആയിരിക്കുന്നത് 2022-23 ആകുമ്പോഴേയ്ക്കും 1.7 ശതമാനമായി കുറയ്ക്കണം. സംസ്ഥാന സര്‍ക്കാര്‍ കടത്തിനു ഗ്യാരണ്ടി നില്‍ക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ശ്രമമുണ്ട്. ഈ നീക്കം നമ്മുടെ വികസന പ്രതീക്ഷകള്‍ക്കു കൂച്ചുവിലങ്ങിടും.

പൊതുവില്‍ പറഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയെല്ലാം ജനസംഖ്യാ വിഹിതത്തില്‍ കുറവു വരുന്നുണ്ട്. ഏറ്റവും വലിയ നഷ്ടം തമിഴ്‌നാടിനായിരിക്കും. തമിഴ്‌നാടിന്റെ ജനസംഖ്യാവിഹിതം 7.59ല്‍ നിന്ന് 6.06 ആയി കുറയും. ധനവിന്യാസത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള നോര്‍ത്ത് സൗത്ത് വിവേചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇത് ആക്കം കൂട്ടിയിട്ടുണ്ട്. 1977ല്‍ നിലവില്‍ വന്ന കുടുംബാസൂത്രണ നയം ജനസംഖ്യ കുറച്ചു കൊണ്ടുവരുന്നതു മൂലം നികുതി വിഹിതം കുറയുന്നതിന് ഇടവരുത്തില്ല എന്നുറപ്പു നല്‍കിയതാണ്. 1979ല്‍ ദേശീയ വികസന സമിതിയും 2000ല്‍ ദേശീയ ജനസംഖ്യാ നയവും ഇത് ആവര്‍ത്തിച്ചു. വലിയതോതില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പണം മുടക്കി സംസ്ഥാന സര്‍ക്കാരുകള്‍ നേടിയ വികസനനേട്ടം തിരിച്ചടിക്കുന്ന നിലവരുത്തുന്നതാണ് 2011ലെ സെന്‍സസ് കണക്കുകള്‍ നികുതിവിഹിതം കണക്കാക്കാന്‍ ഉപയോഗിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ സമ്മേളനം ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഏപ്രില്‍ പത്തിന് തിരുവനന്തപുരത്തു വെച്ചാണ് ഈ യോഗം നടക്കുന്നത്. എല്ലാ സര്‍ക്കാരുകളും സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പുറമെ ഒരു ഡസന്‍ സാമ്പത്തിക വിദഗ്ധരെക്കൂടി ഈ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് വേണ്ടി ഒരു പ്രത്യേക നയരേഖ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഓരോ സംസ്ഥാനത്തിനും അവരുടെ നിലപാട് തുറന്ന് അവതരിപ്പിക്കുന്നതിന് വേദിയൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഫെഡറല്‍ വിരുദ്ധ ടേംസ് ഓഫ് റഫറന്‍സിനെതിരെ ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സംവാദമായിരിക്കും ഇത്, ഐസക് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top