‘വി ചീറ്റ് അറ്റ് ക്രിക്കറ്റ്’: സ്മിത്തിനെ കളിയാക്കി ഓസ്‌ട്രേലിയന്‍ ആരാധകര്‍, വീഡിയോ പങ്കുവെച്ച് മുന്‍താരവും

പ്രതീകാത്മക ചിത്രം

കാന്‍ബറ: പന്തില്‍ കൃത്രിമം കാട്ടിയ സ്റ്റീവ് സ്മിത്തിനെയും കൂട്ടരെയും ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ആരാധകരുമാണ്. ഇപ്പോളിതാ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കാകെ അപമാനം ഉണ്ടാക്കിയ പന്ത് ചുരുണ്ടല്‍ വിവാദത്തെ കളിയാക്കിക്കൊണ്ട് ‘വി ചീറ്റ് അറ്റ് ക്രിക്കറ്റ്’ എന്ന പേരില്‍ വീഡിയോയും ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. അത് പങ്കുവെച്ചതാകട്ടെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും.

നിലവിലെ ഓസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്നതിനോടൊപ്പം 1981 ലെ അണ്ടര്‍ ആം വിവാദമുള്‍പ്പെടെ മുന്‍ വിവാദങ്ങളും ട്രിപ്പിള്‍ ജെ തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. ന്യൂസിലാന്‍ഡിന് ജയിക്കാന്‍ അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ അന്ന് ഓസിസ് നായകനായിരുന്ന ഗ്രെഗ് ചാപ്പല്‍ സഹോദരന്‍ ട്രെവറോട് അണ്ടര്‍ ആം ബോള്‍ എറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. കളിയുടെ മാന്യതയ്ക്ക് ചേര്‍ന്നതല്ല ചാപ്പലിന്റെ നടപടി എന്ന് അന്ന് ഏറെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ബെന്‍, ലിയാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വീഡിയോയില്‍ ഓസിസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രവര്‍ത്തികളെ അങ്ങേയറ്റം പരിഹസിക്കുന്നുണ്ട്. കെവിന്‍ പീറ്റേഴ്‌സണാണ് വീഡിയോ പങ്കുവെച്ചത്.

Ouch. Aussies smashing their own! ?

Posted by Kevin Pietersen on 26 मार्च 2018

അതേസമയം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. സംഭവം വന്‍വിവാദമായതിനെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും ടീമിന്റെ നായകഉപനായക പദവികള്‍ രാജിവെച്ചിരുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇരുവരെയും പുറത്താക്കിയത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ നായക സ്ഥാനം തെറിച്ചതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവിയും സ്മിത്തിന് നഷ്ടമായിരുന്നു. ബെന്‍ക്രോഫ്റ്റിന് 75 ശതമാനം പിഴയാണ് ഐസിസി ഈടാക്കിയിട്ടുള്ളത്.

മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയെന്ന് ക്യാപ്റ്റന്‍ സ്മിത്ത് തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തുകയായിരുന്നു. കേപ് ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് ഓപ്പണര്‍ കൂടിയായ ബെന്‍ ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം നടത്തിയത്. ആതിഥേയര്‍ ശക്തമായ നിലയിലേക്ക് നീങ്ങവെയാണ് മത്സരം കൈവിടാതിരിക്കാന്‍ ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൃത്രിമം കാട്ടിയതെന്ന് സ്മിത്ത് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ 43ാം ഓവറിലാണ് സംഭവം നടന്നത്. മഞ്ഞ നിറമുള്ള ഒരു വസ്തു ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും ബെന്‍ക്രോഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ യഥാര്‍ത്ഥ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ക്രോഫ്റ്റ് അമ്പയര്‍മാരെ കാണിച്ചത്. പക്ഷെ വിവാദം കൊഴുത്തതോടെ സ്മിത്ത് സത്യം വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

DONT MISS
Top