ഖാപ്പ് പഞ്ചായത്തുകൾക്ക് എതിരായ സുപ്രിം കോടതി വിധി : കേരളത്തിലെ മിശ്രവിവാഹങ്ങൾക്കും സഹായകരമാകും

പ്രതീകാത്മക ചിത്രം

ദില്ലി: മിശ്രവിവാഹങ്ങള്‍ക്ക് എതിരായ ഭീഷണികളും ദുരഭിമാന കൊലകളും തടയാന്‍ ദമ്പതികള്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കാന്‍ സുപ്രിം കോടതി മാര്‍ഗരേഖ പുറത്തിറക്കി. ദമ്പതികളെ താമസിപ്പിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ സുരക്ഷാ ഭവനങ്ങള്‍ സ്ഥാപിക്കണം എന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ദുരഭിമാന കൊലക്കേസുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരായ വിധിയില്‍ സുപ്രിം കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ പുറപ്പടുവിച്ച വിധിയില്‍ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള വിവാഹത്തിന് കുടുംബത്തിന്റെയും സമുദായത്തിന്റെയും സമ്മതം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. മിശ്രവിവാഹിതരാകുന്ന ദമ്പതിമാര്‍ക്ക് എതിരായ ആക്രമണം തടയാന്‍ മുന്‍കരുതല്‍, പരിഹാരം, ശിക്ഷ എന്നിവയ്ക്കുള്ള വ്യവസ്ഥകളുമായി കോടതി പുറപ്പെടുവിച്ച മാര്‍ഗ രേഖയിലെ നിര്‍ദേശങ്ങള്‍ ഇവയാണ്. മിശ്രവിവാഹിതരെ ബന്ധുക്കളോ ഖാപ്പ് പഞ്ചായത്തോ ഭീഷണിപ്പെടുത്തിയാല്‍ രണ്ടര വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കണം.

സുപ്രിംകോടതി (ഫയല്‍)

വിവാഹം അസാധുവാക്കാന്‍ ഖാപ് പഞ്ചായത്തുകൂടാന്‍ അനുമതി നല്‍കരുത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ദുരഭിമാന കൊലകള്‍ നടക്കുന്ന പ്രദേശങ്ങളുടെ പട്ടിക പൊലീസ് തയ്യാറാക്കണം. ഭീഷണി നേരിടുന്ന ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ തലങ്ങളില്‍ സുരക്ഷാ ഭവനങ്ങള്‍ സ്ഥാപിക്കണം. വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കുടുംബത്തില്‍ നിന്നുള്ള ഭീഷണിയെപ്പറ്റി പരാതി നല്‍കിയാല്‍ അവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് സഹായിക്കാം. ദമ്പതിമാര്‍ക്ക് പരാതി നല്‍കാന്‍ ജില്ലാതലങ്ങളില്‍ സെല്ലുകളും ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സ്ഥാപിക്കണം. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിയന്ത്രണത്തിലുള്ള ഭവനങ്ങളില്‍ ദമ്പതിമാര്‍ക്ക് പരമാവധി ഒരു വര്‍ഷം വരെ താമസിക്കാം.

അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആറുമാസത്തിനകം വകുപ്പുതല നടപടി വേണം. ദുരഭിമാന കൊലക്കേസുകളില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ നിയമം രൂപീകരിക്കും വരെയാണ് മാര്‍ഗരേഖ നിലനില്‍ക്കുക എന്നും സുപ്രിം കോടതി വ്യക്തമാക്കി.

കേരളത്തില്‍ ഇന്ന് മിശ്രവിവാഹങ്ങള്‍ വളരെയധികം നടക്കുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും അത് വലിയ കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് മിശ്രവിവാഹത്തിന്റെ പേരില്‍ അച്ഛന്‍ മകളെ വിവാഹത്തലേന്ന് മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയത്. ദലിതനായ ഒരു യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ആതിരയെന്ന യുവതിയുടെ ജീവനെടുത്തത്. ദലിതനായ ഒരാളെ മരുമകനായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു അച്ഛന്‍ വിവാഹത്തിന് എതിര് നിന്നതും ഒടുവില്‍ മകളെ കൊലപ്പെടുത്തിയതും. ഈ സാഹചര്യത്തില്‍ പുതിയ വിധി കേരളത്തിലെ മിശ്രവിവാഹങ്ങള്‍ക്കും സഹായകരം ആകും.

DONT MISS
Top