നാവുപിഴച്ചു, യെദ്യൂരപ്പയെ ഏറ്റവും വലിയ അഴമതിക്കാരനാക്കി അമിത് ഷാ (വീഡിയോ)

അമിത് ഷാ

ബംഗളുരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ സ്വന്തം പാര്‍ട്ടിയെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രതിരോധത്തിലാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നാക്കുപിഴ. വാര്‍ത്താസമ്മേളനത്തിനിടയില്‍ ബിഎസ് യെദ്യൂരപ്പയെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചാണ് ഷാ സെല്‍ഫ് ഗോള്‍ അടിച്ചിരിക്കുന്നത്. നിലവിലെ സിദ്ധരാമയ്യ സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞപ്പോള്‍ യെദ്യൂരപ്പയുടെ പേര് അനാവശ്യമായി കയറിവരുകയായിരുന്നു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം കര്‍ണാടകയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം. വന്‍അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഷാ കത്തിക്കയറിയത്. ഈ സമയത്താണ് യെദ്യൂരപ്പയുടെ പേര് അവിചാരിതമായി കയറി വന്നത്.

സുപ്രിം കോടതി മുന്‍ ജഡ്ജി സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടുമ്പോള്‍ സിദ്ധരാമയ്യയ്ക്ക് പകരം യെദ്യൂരപ്പയുടെ പേരാണ് കയറി വന്നത്. രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിന് വേണ്ടിയുള്ള മത്സരം നടത്തിയാല്‍ അതില്‍ യെദ്യൂരപ്പ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനം എന്നാണ് അമിത് ഷാ പറഞ്ഞത്.

അമിത് ഷായ്‌ക്കൊപ്പം ഇരുന്ന യെദ്യൂരപ്പ ഇത് കേട്ട് ഞെട്ടി. ഉടന്‍ തന്നെ അടുത്തിരുന്ന മറ്റൊരു നേതാവ് തെറ്റ് ചൂണ്ടിക്കാട്ടി. ഷാ അത് തിരുത്തിയെങ്കിലും വൈകിപ്പോയിരുന്നു. നിമിഷങ്ങള്‍ക്കകം കോണ്‍ഗ്രസ് വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. കള്ളത്തരങ്ങളുടെ ഷാ ഒടുവില്‍ സത്യം പറഞ്ഞു. നന്ദി അമിത് ഷാ എന്നിങ്ങനെയായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.

ഇന്ന് രാവിലെയാണ് കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മെയ് 12 നാണ് വോട്ടെടുപ്പ്. 15 ന് വോട്ടെണ്ണല്‍ നടക്കും.

DONT MISS
Top