തെരഞ്ഞെടുപ്പ് കമ്മീഷനും മുന്‍പെ തീയതി പ്രഖ്യാപിച്ച് അമിത് മാളവ്യ; വെട്ടിലായി ബിജെപി, അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപണം. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ തെരഞ്ഞെടുപ്പ് തീയതികള്‍ നേരത്തെ പ്രഖ്യാപിച്ചതാണ് വിവാദത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് തീയതി മാളവ്യ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്.

രാവിലെ 11നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പത്രസമ്മേളനം നടത്തിയത്. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് വിവരങ്ങള്‍ വിശദീകരിക്കവെ അമിത് മാളവ്യ തെരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണല്‍ തീയതിയും ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്നാണ് മാളവ്യ ട്വീറ്റ് ചെയ്തത്.

എന്നാല്‍ സംഭവം വിവാദമായതോടെ ഈ ട്വീറ്റ് മാളവ്യ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. അതേസമയം തീയതി എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ഏതോ ചാനല്‍ ഫ്ലാഷ് കണ്ടാണ് ട്വീറ്റ് ചെയ്‌തതെന്നായിരുന്നു മാളവ്യയുടെ മറുപടി.  കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മാളവ്യയ്ക്കെതിരെ രംഗത്തെത്തി. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നായിരുന്നു പ്രധാന ആരോപണം.

അതിനിടെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ച തീയതിയല്ല ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കമ്മീഷന്‍ പറഞ്ഞു.

DONT MISS
Top