വീടിനു സമീപത്തെ ശബ്ദ മലിനീകരണം സഹിക്കാന്‍ സാധിക്കുന്നില്ല; ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

പ്രതീകാത്മക ചിത്രം

പാറ്റ്‌ന: വീടിനു സമീപമുള്ള ശബ്ദമലിനീകരണം സഹിക്കാന്‍ സാധിക്കാത്തതിനാല്‍  ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും കത്തയച്ചതിനു ശേഷമാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ബിഹാറിലെ വൈശാലി ജില്ലയിലെ സേന്ഹ സിംഗ് എന്ന യുവതിയാണ് വിവാഹ മോചന അപേക്ഷ നല്‍കിയിരിക്കുന്നത്.

വീടിനു സമീപം നിരന്തരം മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കും. ഇതിന്റെ ശല്യം സഹിക്കാന്‍ സാധിക്കുന്നില്ല. ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ തന്റെ ഭര്‍ത്താവ് ആവശ്യപ്പെടുന്നില്ലെന്ന് കാണിച്ചാണ് യുവതി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

വീടിനു സമിപത്തുനിന്നും ലൗഡ് സ്പീക്കര്‍ മാറ്റണം എന്നാവശ്യപ്പെട്ട് യുവതി നിരവധി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും യുവതി പറയുന്നു. മറുപടി ഒന്നും ലഭിക്കാത്തതിനാലാണ് യുവതി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചത്. എന്നാല്‍ ഇതിനും യാതൊരു മറുപടിയും ലഭിച്ചില്ല.

ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള നടപടിയും സ്വീകരിക്കാത്തതിനാലാണ് ഭര്‍ത്താവ് രാകേഷില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സ്‌നേഹയും രാകേഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. രാകേഷിന് ചെറിയ രീതിയിലുള്ള ശാരീരിക വൈകല്യം ഉണ്ട്. തന്റെ സുരക്ഷ പോലും ഉറപ്പുവരുത്താന്‍ സാധിക്കാത്ത ഒരാളുടെ കൂടെ തനിക്ക് ജീവിക്കാന്‍ സാധിക്കുന്നില്ല എന്നാണ് സ്‌നേഹ പറയുന്നത്.

DONT MISS
Top