ഐഎന്‍എക്‌സ് മീഡിയ കേസ്: പീറ്റര്‍ മുഖര്‍ജിയെ മാര്‍ച്ച് 31 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

പീറ്റര്‍ മുഖര്‍ജി

ദില്ലി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയെ മാര്‍ച്ച് 31 വരെ ദില്ലി കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ അന്വേഷണ സംഘം മുഖര്‍ജിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

പീറ്റര്‍ മുഖര്‍ജി ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്നാണ് കേസ്. ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ 2007 ല്‍ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 486 കോടി രൂപ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.

വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്ക് 4.6 കോടിമാത്രമേ അര്‍ഹതയുള്ളൂ. ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ആരോപിക്കുന്നു. ഈ കാലയളവില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതുസംബന്ധിച്ച സേവനങ്ങള്‍ക്കായി ഐഎന്‍എക്‌സില്‍നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കാര്‍ത്തി ചിദംബരത്തെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.

ഷീനാ ബോറ കൊലപാതകക്കേസില്‍ അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിയും, ഇന്ദ്രാണിയും ഇപ്പോള്‍ മുംബൈ ജയിലിലാണ്. ഇതിനിടെയാണ് ഇവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയുടെ വിദേശ ഇടപാട് കേസ് പുറത്തുവന്നത്. കാര്‍ത്തിക്ക് കൈക്കൂലി നല്‍കിയതായി ഇന്ദ്രാണി മുഖര്‍ജി സിബിഐയ്ക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ഫെബ്രുവരി 28 ന് സിബിഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.

DONT MISS
Top