രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും സ്മിത്ത് രാജിവച്ചു; രഹാനെ പുതിയ ക്യാപ്റ്റന്‍

അജിങ്ക്യേ രഹാനെ, സ്റ്റീവ് സ്മിത്ത് (ഫയല്‍)

മുംബൈ: പന്തില്‍ കൃത്രിമം കാട്ടിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്ഥാനം ഒഴിയേണ്ടിവന്ന സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. സ്മിത്തിന് പകരം ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയെ പുതിയ ക്യാപ്റ്റനായി രാജസ്ഥാന്‍ ടീം പ്രഖ്യാപിച്ചു.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീം അംഗം എന്ന നിലയില്‍ സ്മിത്ത് രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.

ദക്ഷിണാഫ്രിക്കക്കെതിരേയുള്ള മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്മിത്തിന് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിച്ചിരുന്നു.
ഈ സീസണില്‍ സ്മിത്തിനെ ക്യാപ്റ്റാക്കേണ്ടെന്ന തീരുമാനം ടീം മാനേജ്മന്റ് സ്വീകരിച്ചുവകഴിഞ്ഞതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സ്മിത്ത് രാജി വയ്ക്കാന്‍ സ്മിത്ത് തീരുമാനിച്ചത്.

പന്ത് ചുരണ്ടല്‍ വിവാദമുയര്‍ന്നെങ്കിലും ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയില്ലെന്നായിരുന്നു ആദ്യം സ്മിത്തിന്റെ നിലപാട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ചതോടെ സ്മിത്ത് രാജി വയ്ക്കാന്‍ തയാറാകുകയായിരുന്നു. സമിത്തിനൊപ്പം ഉപനായകന്‍ ഡേവിഡ് വാര്‍ണറും രാജിവച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ ആണ് ഓസീസ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍.

അതേസമയം, ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഡേവിഡ് വാര്‍ണര്‍ക്കും നഷ്ടമാകുമെന്നാണ് സൂചന. വിവാദത്തില്‍പ്പെട്ടതോടെ നായകസ്ഥാനമൊഴിയാന്‍ ടീം മാനേജ്‌മെന്റ് വാര്‍ണറോട് ഉടന്‍ നിര്‍ദേശിക്കുമെന്നാണ് വാര്‍ത്തകള്‍.

കേപ് ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് ഓപ്പണര്‍ കൂടിയായ ബെന്‍ ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം നടത്തിയത്. ആതിഥേയര്‍ ശക്തമായ നിലയിലേക്ക് നീങ്ങവെയാണ് മത്സരം കൈവിടാതിരിക്കാന്‍ ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൃത്രിമം കാട്ടിയതെന്ന് സ്മിത്ത് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ 43ാം ഓവറിലാണ് സംഭവം നടന്നത്. മഞ്ഞ നിറമുള്ള ഒരു വസ്തു ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും ബെന്‍ക്രോഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ യഥാര്‍ത്ഥ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ക്രോഫ്റ്റ് അമ്പയര്‍മാരെ കാണിച്ചത്. പക്ഷെ വിവാദം കൊഴുത്തതോടെ സ്മിത്ത് സത്യം വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നായകനും ഉപനായകനും സ്ഥാനമൊഴിയേണ്ടിവന്നത്.

അതേസമയം, പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നതായി സൂചനകളുണ്ട്.  പന്ത് ചുരണ്ടല്‍
സംഭവം ലോകത്തിന് മുന്നില്‍ ഓസ്‌ട്രേലിയയെ നാണം കെടുത്തിയ സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നടപടികള്‍ ആലോചിക്കുന്നത്.

സംഭവം വന്‍വിവാദമായതിനെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും ടീമിന്റെ നായക-ഉപനായക പദവികള്‍ രാജിവെച്ചിരുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇരുവരെയും പുറത്താക്കിയത്.  പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടത്തിലുള്ള ലംഘനമാണ് സ്മിത്തും വാര്‍ണറും നടത്തിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ആജീവനാന്ത വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിയമത്തിലുള്ളത്.

വിവാദം ഓസ്‌ട്രേലിയയ്ക്ക് ലോകത്തിന് മുന്നില്‍ നാണക്കേടുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അഭിപ്രായപ്പെട്ടിരുന്നു. സംഭവം രാജ്യത്തിന് അപമാനവും നിരാശയും ഉണ്ടാക്കിയെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷണറും അഭിപ്രായപ്പെട്ടിരുന്നു. മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയെന്ന് ക്യാപ്റ്റന്‍ സ്മിത്ത് തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഗ്രൗണ്ടില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്താവുകയും വന്‍വിവാദത്തിന് വഴിവെക്കുകയും ചെയ്തതോടെയാണ് സ്മിത്ത് സത്യം തുറന്ന് പറയാന്‍ നിര്‍ബന്ധിതനായത്.

അതേസമയം, പന്തില്‍ കൃത്രിമത്വം നടത്തിയതിന് സ്മിത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒരു ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തി. സ്മിത്തിന് മാച്ച് ഫീയുടെ നൂറ് ശതമാനവും ചുരണ്ടല്‍ നടത്തിയ ബെന്‍ക്രോഫ്റ്റിന് 75 ശതമാനവും പിഴയും ശിക്ഷിച്ചിട്ടുണ്ട്.

DONT MISS
Top