സഭയിലെ ഭൂമിവിവാദ കേസ്: ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരനും സുപ്രിം കോടതിയില്‍; ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

മാര്‍ ജോര്‍ജ് ആലഞ്ചേരി

ദില്ലി: സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസിലെ നടപടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ബുധനാഴ്ച പരിഗണിക്കും. സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വിവാദഭൂമി ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഷൈന്‍ വര്‍ഗീസ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നല്‍കിയ റിട്ട് അപ്പീല്‍ നിലനില്‍ക്കില്ലെന്നും ഷൈന്‍ വര്‍ഗീസ് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പൊലീസിന് നല്‍കിയ പരാതിയിലെ മഷി ഉണങ്ങും മുന്‍പാണ് നടപടിയില്ലെന്ന് കാണിച്ച് ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് ഡി ശേഷാദ്രി നായിഡുവും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശത്തോടെയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. എന്നാല്‍ സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വിവാദഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനാലാണ് ഹൈക്കേടതിയെ സമീപിച്ചതെന്ന് ഷൈന്‍ വര്‍ഗീസ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഫെബ്രുവരി 15 നാണ് പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചത്. എന്നാല്‍ പരാതി കൈപ്പറ്റിയതായി രസീത് നല്‍കാന്‍ എസ്എച്ചഒ വിസമ്മതിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായി വാക്കാല്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയതായുള്ള മാധ്യമ വാര്‍ത്തകളും ഹര്‍ജിക്ക് ഒപ്പം ഷൈന്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞും നടപടി ഉണ്ടാകുന്നില്ലെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നും ഷൈന്‍ ചൂണ്ടിക്കാട്ടുന്നു. ഷൈന്‍ വര്‍ഗീസിന്റെ ഹര്‍ജി ബുധനാഴ്ച ജസ്റ്റിസുമാരായ എകെ ഗോയല്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളി നല്‍കിയ ഹര്‍ജിയും സുപ്രിം കോടതി അന്ന് പരിഗണിക്കും.

DONT MISS
Top