മിയാമിയില്‍ വമ്പന്‍ അട്ടിമറി, ഫെഡററും ആദ്യ റൗണ്ടില്‍ പുറത്ത്

മത്സരശേഷം ഫെഡറര്‍ കോക്കിനാക്കിയെ അഭിനന്ദിക്കുന്നു

ഫ്ലോറിഡ: മിയാമി ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സ്വിസ് താരം റോജര്‍ ഫെഡററെ ലോക 175-ാം റാങ്കുകാരനായ ഓസ്‌ട്രേലിയയുടെ തനാസി കോക്കിനാക്കി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തറപറ്റിച്ചു. സ്‌കോര്‍ 3-6, 6-3, 7-6(4).

തോല്‍വിയോടെ ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ക്ക് നഷ്ടമായി. റഫേല്‍ നദാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നേരത്തെ മുന്‍ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിക്കുന്ന രണ്ടാമത്തെ ഏറ്റവും താഴ്ന്ന റാങ്കുകാരനെന്ന നേട്ടവും കോക്കിനാക്കി സ്വന്തമാക്കി. നേരത്തെ 2003 ല്‍ 178-ാം റാങ്കുകാരനായിരുന്ന ഫ്രാന്‍സിസ്‌കോ ക്ലാവെറ്റ് ഹ്യൂയിറ്റിനെ അട്ടിമറിച്ചതാണ് മികച്ച പ്രകടനം.

ഫെഡററുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലില്‍ ഡെല്‍പോട്രോയോട് തോറ്റ് ഫെഡറര്‍ കിരീടം അടിയറവെച്ചിരുന്നു. 2014 ന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോല്‍ക്കുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ തുടര്‍ച്ചയായി 17 മത്സരങ്ങള്‍ ജയിച്ച് റെക്കോര്‍ഡിട്ട ശേഷമാണ് ഇതിഹാസതാരം തുടര്‍ച്ചയായ മത്സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത്.

ഫെഡററുമായുള്ള ആദ്യമത്സരത്തില്‍ തന്നെ സ്വപ്‌നതുല്യമായ വിജയം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് കോക്കിനാക്കി. ആറടി അഞ്ചിഞ്ച് ഉയരമുള്ള ഓസീസ് താരം തന്റെ ഉയരത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തു. ശക്തമായ സെര്‍വുകളും ഫോര്‍ഹാന്‍ഡുകളും കൊണ്ട് കോക്കിനാക്കി കളം നിറഞ്ഞപ്പോള്‍ 36 കാരനായ ഫെഡറര്‍ പതറിപ്പോയി.

ഈ തോല്‍വി താന്‍ അര്‍ഹിക്കുന്നതായി മത്സര ശേഷം ഫെഡറര്‍ പറഞ്ഞു. പലപ്പോഴും വിജയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ മോശമായി ചിലത് സംഭവിച്ചു. ഫെഡറര്‍ പറഞ്ഞു.

DONT MISS
Top