കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കിന് കൊടുത്തത് എട്ടിന്റെ പണി; ഒരാഴചയ്ക്കിടെ നഷ്ടം 67000 കോടി

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ദുരുപയോഗം നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്.

ഒരാഴചയ്ക്കിടെ ഫെയ്‌സ്ബുക്കിന് നഷ്ടം വന്നിരിക്കുന്നത് 67000 കോടി ഇന്ത്യന്‍ രൂപയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 14ശതമാനം ഓഹരി വിലയിടിഞ്ഞു. മാത്രമല്ല ബ്ലൂബെര്‍ഗിന്റെ സമ്പന്ന പട്ടികയിലും സക്കര്‍ബര്‍ഗ് പിന്തള്ളപ്പെട്ടു. പട്ടികയില്‍ ഏഴാം സ്ഥാനത്തേയ്ക്കാണ് സക്കര്‍ബര്‍ഗ് പിന്തള്ളപ്പെട്ടത്.

അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗതവിവരം ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ദുരുപയോഗിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമചോദിച്ചിരുന്നു.

50 ദശലക്ഷം യൂസര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്.

സ്വകാര്യ വിവരങ്ങള്‍  കേംബ്രിഡ്ജ് അനലറ്റിക്ക ദുരുപയോഗം ചെയ്‌തെന്നും സംഭവിച്ചത് വലിയ വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.  ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക്
ഉത്തരവാദിത്വമുണ്ടെന്നും അതിന്  കഴിവില്ലെങ്കില്‍ നിങ്ങള്‍ക്ക് സേവനം നല്‍കാന്‍ ഞങ്ങള്‍ യോഗ്യരല്ലെന്നുമാണ് സക്കര്‍ബര്‍ഗ് വിവാദത്തില്‍ പ്രതികരിച്ചത്.

DONT MISS
Top