കാലദേശങ്ങളില്ലാത്ത മാനവികത; സുഡാനി ഫ്രം നൈജീരിയ

ദൃശ്യകലാപരിസരങ്ങളില്‍ റിയലിസം ആവിര്‍ഭവിക്കുന്നത് 1870 കളിലെ നാടകങ്ങള്‍ കേന്ദ്രീകരിച്ചാണ്. അത് ഇരുപതാം നൂറ്റാണ്ടിനിപ്പുറത്തേക്കും വ്യാപിക്കപ്പെട്ടതായി കഴിഞ്ഞ നൂറ്റാണ്ടിലെ കലാഗവേഷകര്‍ക്കും , കലാവിദ്യാര്‍ഥികള്‍ക്കും വേഗത്തില്‍ മനസ്സിലാകും. റഷ്യയിലെ പ്രൊഫഷണല്‍ നാടകകൃത്തായിരുന്ന അലെക്സി പിസെമ്സ്കിയും , ലിയോ ടോള്‍സ്റ്റോയ്‌യും ചേര്‍ന്നെഴുതിയ The Power of Darkness (1886) ആയിരിക്കാം, ഇക്കൂട്ടത്തില്‍  റിയലിസത്തിന്റെ പൈതൃകത്തെ ആദ്യം റഷ്യയിലും, പിന്നീട് ലോകത്തിലേക്ക് മുഴുവനായും സംഗതമാക്കിയത് എന്ന് പറയാം. അഭിനയ കലയിലെ റിയലിസത്തിന്റെ പൈതൃക രത്നച്ചുരുക്കം ഇങ്ങിനെയാണെന്ന് വിവക്ഷിക്കാം.

സിനിമയിലേക്ക് വന്നാല്‍, നിരൂപണ സംവാദങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെട്ട സംജ്ഞയാണ് റിയലിസമെന്നത്. നിയതമായ ചലച്ചിത്ര ഭാഷയും, ദൃശ്യപരിചരണ പിടിവാശികളും ഇല്ലാതെ തന്നെയാണ് ക്ലാസ്സിക്കല്‍ ഹോളിവുഡ് സിനിമകളില്‍ റിയലിസം യാഥാര്‍ത്ഥ്യമായത്. ആധുനിക ജര്‍മ്മന്‍ സിനിമകളുടെ തമ്പുരാനായ വേര്‍ണര്‍ ഹെര്‍സോഗ് ഒരിക്കല്‍ പ്രസ്താവിച്ചത്.

“സിനിമയിലെ റിയലിസം എന്നത്, പ്രേക്ഷകന്‍ കാണുന്ന സിനിമാറ്റിക് ഇമേജുകള്‍ക്ക് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി എത്രമേല്‍ ബന്ധമുണ്ട് എന്ന അന്വേഷണവും, ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന ചോദ്യങ്ങള്‍ ഉന്നയിക്കലുമാണ്. കാണുന്ന ദൃശ്യങ്ങളുടെ സത്യസന്ധത, ലോകത്തെയും, ജീവിതത്തെയും സ്ക്രീനിലെ ദൃശ്യങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ നേരുമായി എത്രമേല്‍ സാന്ദ്രമായി  ബന്ധപ്പെട്ടു നില്‍ക്കുന്നു  എന്ന ദൃശ്യലോകത്തിന്‍റെ ചുരുക്കമാണ് റിയലിസം. ഏറ്റവും ചുരുങ്ങിയത് അതൊരു നേര്‍ജീവിതത്തിന്‍റെ  productive illusion ആയിരിക്കുമെന്ന്” അദ്ദേഹം പരഞ്ഞുചുരുക്കുന്നു.

മലയാളിക്ക് മേല്‍പ്പറഞ്ഞപ്രകാരം റിയലിസം അനുഭവവേദ്യമായ നാടകങ്ങള്‍ പരിചിതമായിരിക്കാം. ജീവിത ഗന്ധിയായ, കീഴാള പോരാട്ടങ്ങളെ നേരടയാളപ്പെടുത്തിയ ധാരാളം കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ സൃഷ്ടിപരമായി നവോഥാനത്തില്‍ വലിയ പങ്കുവഹിച്ച മണ്ണാണ് കേരളം. എന്നാല്‍ റിയലിസ്റ്റിക് സിനിമ എന്നത് മലയാളിക്ക് ശീലമില്ലാത്തതാണ്, ആയതിനാല്‍ത്തന്നെ പുതുകാലത്തെ അത്തരം സിനിമകള്‍ നമ്മുടെ ദൃശ്യബോധ്യങ്ങളെ പൊളിച്ചെഴുതുന്ന നവകാല കലാസൃഷ്ടികളായി മാറുന്നുണ്ട്.

ആ ജനുസ്സില്‍ ഒടുവിലായി ജനിച്ചതാണ് നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് തന്‍റെ പ്രതിഭയെ  മലയാള സിനിമയുടെ പ്രതീക്ഷയാക്കി വരച്ചുകാട്ടുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ. ഒരു സിനിമ എന്നതിലുപരി, ആണ്‍നോട്ടങ്ങളുടെ ദൃശ്യവിന്യാസ പിടിവാശികളെ നിരാകരിക്കുന്ന, മലയാള സിനിമയുടെ വളര്‍ച്ചാ ഘട്ടത്തിലെ ഒരു കാലസൂചിക കൂടിയാണ് ഈ സിനിമ. കാരണം നമ്മുടെ ക്ലീഷേ കാഴ്ചകളോട്, ഒരു റിബലായി നിന്ന് അത്രമേല്‍ കലഹിക്കുന്നുണ്ട് നേരുകളുടെ ഈ ചലച്ചിത്ര രൂപം.

സുദേവന്റെ “ക്രൈം നമ്പര്‍ 89”, ദിലീഷ് പോത്തന്‍ ചെയ്ത “മഹേഷിന്റെ പ്രതികാരം”, “തൊണ്ടിമുതലും ദൃക്സാക്ഷിയും”, തമിഴില്‍ അടുത്ത കാലത്തുണ്ടായ “കാക്ക മുട്ടൈ”, ബോളിവുഡ് സിനിമകളില്‍ അടുത്തകാലത്ത് ഇര്‍ഫാന്‍ ഖാനും, നവാസുദ്ധീന്‍ സിദ്ധീഖിയും മറ്റും ചെയ്ത “ലഞ്ച് ബോക്സ്” പോലുള്ള ചില എണ്ണാവുന്ന സിനിമകള്‍. പുതിയ കാലത്തെ റിയലിസ്റ്റിക് സിനിമകളുടെ ഉദാഹരണങ്ങളാണ്. അടിസ്ഥാനപരമായി മനുഷ്യ നന്മയെത്തന്നെയാണ് ഈ സിനിമയും പ്രമേയമാക്കുന്നത്.

മലപ്പുറത്തിന്റെ നിഷ്കളങ്കമായ ഗ്രാമ്യ ജീവിതങ്ങളും, അവരില്‍ അന്തര്‍ലീനമായ നന്മയും, അവരുടെ സംസ്കാരവും, ജീവിതത്തിന്‍റെ നിശ്വാസത്തില്‍ പോലും ചേര്‍ന്നുനില്‍ക്കുന്ന ഫുട്ബോള്‍ ജ്വരവുമെല്ലാം സിനിമയുടെ പ്രമേയത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.   ആ നിലയില്‍ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും നന്മകളുണ്ട് എന്ന്‍ മലബാറിന്റെ ദൈനംദിന ജീവിത കാഴ്ചകളുടെ പശ്ചാത്തലത്തില്‍ പറയുവാന്‍ ശ്രമിക്കുകയാണ് ഈ സിനിമയും.

ഒരു പ്രദേശത്തിന്‍റെ കഥയും, ജീവിതക്കാഴ്ച്ചകളും പകര്‍ത്തുമ്പോഴും, ഈ സിനിമ സൂക്ഷിക്കുന്ന പ്രാപഞ്ചിക മാനവിക മാനങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. മലപ്പുറത്തിന്റെ കഥയില്‍ ആഫ്രിക്കയുടെ ജീവിതംകൂടി വരച്ചിടുന്നു എന്ന് സാരം. വിശപ്പും, ദാഹവും, വേര്‍പാടും, ജലക്ഷാമവും, കുടുംബബന്ധങ്ങളുടെ ഊഷ്മളതയുമെല്ലാം എല്ലാ ലോകത്തും ഒരുപോലെയാണ് എന്നാണു സക്കരിയ പറയുവാന്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ പ്രമേയവും.

 

മലപ്പുറത്തെ മൈതാനങ്ങളില്‍ സെവന്‍സ് ഫുട്ബോള്‍ കളിക്കുവാനെത്തുന്ന സാമുവല്‍ എന്ന ആഫ്രിക്കന്‍ കായികതാരത്തിന് പരുക്കുപറ്റി കിടപ്പിലാകുമ്പോള്‍, അയാളെ സ്വന്തം സഹോദരനെപ്പോലെ പരിചരിക്കുന്ന മജീദിന്റെയും (സൗബിന്‍ സാഹിര്‍) അയാളുടെ ഉമ്മയുടെയും, അയല്‍വാസി ബീയ്യുമ്മയുടെയും കഥയാണ് ലളിതമായി പറഞ്ഞാല്‍ ഈ സിനിമ. സാമുവലിന്റെ ലോകവും, ജീവിത വിഹ്വലതകളും, അയാളുടെ ആശങ്കകളും സ്വന്തം ജീവിതത്തോടു ചേര്‍ത്തുവയ്ക്കുന്ന നിഷ്കളങ്ക സ്നേഹജീവിതങ്ങളാണ് സിനിമയിലെ കഥാപാത്രങ്ങള്‍. കാസ്റ്റിംഗ് ഒരു വിസ്മയമാകുന്ന സിനിമകൂടിയാണ് സുഡാനി ഫ്രം നൈജീരിയ.

വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ അപൂര്‍വ്വമായ മലയാള സിനിമയില്‍, സുഡാനി ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നു. മജീദായി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് സൗബിന്‍. മലപ്പുറത്തെ ഏതൊരു ഗ്രാമത്തിലും കാണാവുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍. പ്ലസ് ടു പരാജയപ്പെട്ട് പ്രത്യേകിച്ച് തൊഴിലൊന്നും അറിയാത്ത, ഒരു സെവന്‍സ് ഫുട്ബോള്‍ ടീമിന്‍റെ മാനേജരായ യുവാവ്. അയാളുടെ ഉമ്മയായി വേഷമിടുന്ന സാവിത്രി, അയല്‍വാസിയായ ബീയ്യുമ്മയായി വേഷമിട്ട സരസ ബാലുശ്ശേരി എന്നിവരെല്ലാം പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട്.  മജീദിന്റെ രണ്ടാനച്ചനായ വൃദ്ധനായി അഭിനയിക്കുന്ന കെടിസി അബ്ദുള്ള എന്ന അഭിനേതാവിന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സുഡാനിയിലേത്.

കഥയാണോ കഥപറച്ചിലിന്റെ രീതിയാണോ ചലച്ചിത്രത്തിന്റെ ആസ്വാദ്യതയും, വാണിജ്യ വിജയങ്ങളും നിര്‍ണ്ണയിക്കുന്നത് എന്നതില്‍ ഒരു സംവാദം ആവശ്യപ്പെടുന്ന കാലത്തിലാണ് മലയാള സിനിമ എന്ന് തോന്നുന്നു . വലിയ “കഥ”യൊന്നുമില്ലെങ്കിലും, ആഖ്യാനത്തിന്റെ സവിശേഷ ശൈലി കൊണ്ട് “രക്ഷപ്പെട്ടു പോവുകയോ” വന്‍വിജയങ്ങള്‍ ആവുകയോ ചെയ്ത സിനിമകളുടെ എണ്ണം കൂടുന്നുണ്ട് നമ്മുടെ വ്യവസായ ലോകത്ത്. മൗലികതയുള്ളതും, പുതുമയുള്ളതുമായ കഥാരാഹിത്ത്യത്തിന്റെ കാലത്തും പറച്ചില്‍ രീതികൊണ്ട് വ്യവസായവും അതിനെക്കൊണ്ടു ജീവിക്കുന്ന മനുഷ്യരും അതിജീവിച്ചു പോകുന്നു  എന്നത് എന്തായാലും ആഹ്ലാദകരമാണ് .

മലപ്പുറത്തിന്റെ പ്രാദേശിക സംസ്കാരം, അതിന്റെ മതപരവും, രാഷ്ട്രീയപരവും , ഭാഷാപരവുമായ വ്യതിരിക്തതകള്‍ എന്നിവയെ അടിസ്ഥാനമാക്കി മുഹ്സിന്‍ പെരാരിയൊരുക്കിയ കെഎല്‍പത്ത് എന്ന സിനിമയ്ക്ക് ശേഷം, ഏകദേശം അതെ പ്രാദേശിക പശ്ചാത്തലത്തില്‍ സക്കരിയ ഒരുക്കുന്ന വ്യത്യസ്തതയുള്ള ചലച്ചിത്ര ആഖ്യാന ശ്രമം തന്നെയാണ് ‘സുഡാനി ഫ്രം നൈജീരിയ’. ഈ സിനിമയുടെ ആസ്വാദനപരതയെ എങ്ങനെയൊക്കെ വിമര്‍ശനാത്മകമായി വിലയിരുത്തിയാലും സക്കരിയയുടെ ആഖ്യാനപരമായ ഈ വ്യത്യസ്ഥ ശ്രമത്തിന് ഒരു കയ്യടി നല്‍കാതെ വയ്യ .

മലപ്പുറത്തിനു പുറത്തുള്ള ബഹുഭൂരിപക്ഷത്തിനും ഒരു ചുക്കും അറിയാത്ത ഭൂമികാതലമാണ് മലപ്പുറത്തിന്റെത്. ആറാംതമ്പുരാനായ ജഗന്നാഥ സൃഷ്ട്ടാക്കള്‍ക്ക് അത് എളുപ്പത്തില്‍ “ബോംബ്‌ കിട്ടുന്ന സ്ഥലമാണ് “. സുബ്രഹ്മണ്യന്‍ സ്വാമിക്ക് കാശ്മീരി പണ്ഡിറ്റ്‌കളെപ്പോലെ ഹൈന്ദവര്‍ “കൊടിയ പീഡനങ്ങള്‍” അനുഭവിക്കുന്ന ഇടമാണ്. ചിലര്‍ക്ക് ഇത് മിനി പാകിസ്ഥാനാണ്. മറ്റു ചിലര്‍ക്ക് ഗള്‍ഫ് പണത്തിന്റെ വേലിയേറ്റം  കൊണ്ട് സാമ്പത്തിക, സാമൂഹിക ഉച്ചനീചത്വങ്ങള്‍ നടമാടുന്ന, മാപ്പിളമാര്‍ വിലസുന്ന ആഡംബര പ്രദേശമാണ്. വേറെചിലര്‍ക്കാവട്ടെ ഇത് മുസ്ലിം ലീഗുകാര്‍ മാത്രമുള്ള, പഠിക്കുന്ന കുട്ടികള്‍ കോപ്പിയടിച്ചു നിരന്തരമായി മത്സര പരീക്ഷകളില്‍ ഉന്നത വിജയം വരിക്കുന്ന ഭൂപ്രദേശമാണ്.

എന്തായാലും മലയാള സിനിമയും, മലയാളിയുടെ പോതുബോധത്തിലെ അത്രമേല്‍  പ്രകടമല്ലാത്ത  മുസ്ലിം വിരുദ്ധതയും, നമ്മുടെ രാഷ്ട്രീയ സംവാദങ്ങളും മലപ്പുറത്തെ ശുഭകരമായി അടയാളപ്പെടുത്തിയിട്ടില്ല എന്നത് വസ്തുതയാണ്. പക്ഷേ ഇന്നാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌, ഇവിടുത്തെ അമുസ്ലിങ്ങള്‍ക്ക്, നൈജീരിയക്കാരന്‍ സാമുവലിനെപ്പോലെ ഇവിടെ അതിഥിയായി എത്തിയിട്ടുള്ളവര്‍ക്കെല്ലാം മലപ്പുറത്തെ അറിയാം. ഇവിടുത്തെ നന്മയും, രുചിയുള്ള ഭക്ഷണവും, സമാനതകളില്ലാത്ത മതസൗഹാര്‍ദ്ദവും, നിഷ്ക്കളങ്കരായ മനുഷ്യരെയും, മതവും, ആവേശവും, പ്രത്യയശാസ്ത്രവുമാകുന്ന ഫുട്ബോള്‍ ഭ്രമവുമെല്ലാം അനുഭവിച്ചവര്‍ക്കറിയാം.

സിനിമയിലെ മാനവികത, പ്രാപഞ്ചികമായ മനുഷ്യസ്നേഹം

മാനവികതയുടെ സാന്ദ്രഭാവങ്ങളുള്ള പെരുമഴയാണ് രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയെന്ന് പറയാം. പ്രധാന കഥാപാത്രം (നായകന്‍ ഇല്ല) മജീദ്‌ ഒരു ഫുട്ബോള്‍ ടീമിന്‍റെ മാനേജരെങ്കിലും ജീവിതത്തില്‍ നിരന്തരം തോറ്റ കഥാപാത്രമാണ്. ഒരുപക്ഷേ അയാള്‍ പ്ലസ് ടു തോല്‍ക്കുന്നതില്‍ തുടങ്ങുന്നു അയാളുടെ പരാജയഗാഥകള്‍. പക്ഷേ മനുഷ്യ സ്നേഹത്തിലും, അത് ജീവിതമാക്കുന്നതിലും മജീദ്‌ അത്രമേല്‍ വിജയിച്ച നായകനാണ്. അയാളുടെ കുടുംബവും നാടുംപോലും അങ്ങനെയാണ്.

പരാജയങ്ങളില്‍ ആഴ്ന്നുപോയ ഒരു യുവാവായതിനാല്‍ ആവാം മജീദിന്റെ വിവാഹം പോലും അസാധ്യമായി നില്‍ക്കുകയാണ്. എങ്കിലും എപ്പോഴും പോസിറ്റീവ് എനര്‍ജി സൂക്ഷിക്കുന്ന യുവാവാണ് മജീദ്‌. ഗോളുകള്‍ക്ക് പുറകിയിലായിരിക്കുമ്പോഴും കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും തിരിച്ചടിക്കുമെന്ന്, ജയിച്ചില്ലെങ്കിലും ഒരു സമനിലയെങ്കിലും സാധ്യമാകുമെന്ന്, ഉറച്ചുവിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതാണ് മജീദിന്‍റെ മനോഭാവം, അതാണയാളുടെ പ്രത്യയശാസ്ത്രവും.

ഭിക്ഷക്കാരെ വെറുക്കുന്ന സമകാലിക കേരളത്തില്‍, തങ്ങളുടെ അഭാവത്തില്‍പ്പോലും ഒരു യാചകനും വെറുംകയ്യോടെ മടങ്ങരുത് എന്ന് നിര്‍ബന്ധമുള്ള മജീദിന്റെ ഉമ്മ ജമീലയും, ബീയ്യുമ്മയും മമ്പുറത്തേക്ക് യാത്രയാകുമ്പോള്‍ പണം സൂക്ഷിച്ച പാത്രം കിടപ്പിലായ സാമുവലിനെ ഏല്‍പ്പിക്കുന്നത് കണ്ണുനനയിക്കുന്ന കാഴ്ചയാണ്. ആ ഉമ്മമാര്‍ പോകുന്നതാകട്ടെ, അവരുടെ ആരുമല്ലാത്ത അന്യദേശക്കാരനായ സാമുവല്‍ എന്ന ഫുട്ബോള്‍ കളിക്കാരനായ മനുഷ്യന്‍റെ ജീവിതസുഭഗതകള്‍ക്കും സ്വാസ്ഥ്യത്തിനുമായി പ്രാര്‍ത്ഥന ചെയ്യാനാണ്.

ഒരു ദിവസം സാമുവല്‍ നിര്‍ത്താതെ കരയുന്നു. ഭാഷാപരമായ പ്രയാസം കൊണ്ട് ഉമ്മമാര്‍ക്ക് സാമുവല്‍ കരയുന്നതിന്‍റെ കാരണം മനസ്സിലാകുന്നില്ല. അവര്‍ വിഹ്വലതയോടെ മജീദിനെ വിളിച്ചുവരുത്തുന്നു. മജീദ്‌ ചോദിച്ചപ്പോള്‍ സാമുവല്‍ മുത്തശ്ശി മരിച്ച വിവരം പറഞ്ഞു. ആ വീട്ടിലെ ഒരാള്‍ മരിച്ച അവസ്ഥയിലേക്ക് ആ മനുഷ്യരുടെ ഭാവങ്ങള്‍ മാറുന്നത് ഹൃദയഹാരിയായ ദൃശ്യമായിരുന്നു

ക്രിസ്ത്യാനിയായ മജീദിന്റെ മുത്തശ്ശിയുടെ ആത്മാവിനായി പള്ളിയില്‍ നിന്നും മദ്രസ്സാ വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നു പ്രാര്‍ത്ഥന നടത്തുന്നതൊക്കെ അവരുടെ ആത്മീയ സ്വത്വത്തിന് അപ്പുറം ഒന്നുമല്ലെങ്കിലും, ആ മനോഭാവത്തിലടങ്ങിയ മനുഷ്യസ്നേഹത്തിന്‍റെ ഉപ്പും ഉണ്മയും സിനിമയെ പ്രാപഞ്ചികമായ തലത്തിലേക്ക് ഉയര്‍ത്തുന്നു.

മാജീദിന്റെ രണ്ടാനുപ്പ ആര്‍ദ്രമായ കണ്ണുകളോടെ സാമുവലിന്റെ മുഖത്തുനോക്കി “ഫാദര്‍” എന്ന് പരിചയപ്പെടുന്ന രംഗമുണ്ട്. ക്ലോസപ്പില്‍ ആ കഥാപാത്രത്തിന്‍റെ കണ്ണുകള്‍ കാണുമ്പോള്‍ കരഞ്ഞുപോയി. അത്രമേല്‍ സ്നേഹവും അനുകമ്പയും തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ ജീവിതത്തില്‍പ്പോലും കണ്ടിട്ടില്ലെന്ന് തോന്നുന്നു. സെക്യൂരിറ്റി ജോലി ചെയ്യുന്ന ആ വൃദ്ധന്‍ അന്ന് രാത്രി അവിടെ നില്‍ക്കാതെ ഇരുട്ടത്ത് നടന്ന് പോകുമ്പോള്‍ ജനലിലൂടെ തിരിഞ്ഞു നോക്കാതെ സാമുവേലിന് അയാള്‍ പറയുന്ന യാത്രയുണ്ട്, തന്റെ പ്ലാസ്റ്റര്‍ കൈ ഉയര്‍ത്തി സാമുവേലിന്റെ പ്രത്യഭിവാദ്യവും കാലദേശങ്ങളെ അതിജീവിക്കുന്ന മനുഷ്യസ്നേഹ ദൃശ്യമായി അനുഭവപ്പെട്ടു.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ കാവ്യാത്മകതയും, ചേതോഹാരിതയും, മാനവികതയും കലര്‍ന്ന കായിക ഇനമായ ഫുട്ബോളും, അതിന്റെ പശ്ചാത്തലത്തിലെ ജീവിതങ്ങളും മാത്രമല്ല സക്കരിയ പറയുവാന്‍ ശ്രമിക്കുന്നത്. മേല്‍പ്പറഞ്ഞപോലെ ഭിക്ഷാടാനത്തിന്റെ രാഷ്ട്രീയവും, രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രശ്നങ്ങളും, ആഫ്രിക്കയുടെ ദുരിതങ്ങളും ആഭ്യന്തര യുദ്ധങ്ങളുമെല്ലാം സിനിമ സൂക്ഷ്മമായി സ്പര്‍ശിക്കുന്നുണ്ട്. ഈ സിനിമയുടെ നിരൂപണം ഇനിയും തുടര്‍ന്നാല്‍ അത് വളരെയേറെ ദൈര്‍ഘ്യമുള്ളതാകും എന്ന് തോന്നുന്നതിനാല്‍ അവസാനിപ്പിക്കുന്നു. ദൃശ്യവിന്യാസത്തില്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ് ഈ സിനിമ.  സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍കൂടിയായ ഷൈജു ഖാലിദിന്റെ ക്യാമറ അക്ഷരാര്‍ത്ഥത്തില്‍ കവിത രചിച്ചിരിക്കുന്നു.

ദക്ഷിണേന്ത്യന്‍ ക്യാമറാമാന്‍മാരില്‍ മുന്‍നിരയിലാണ് തന്റെ സ്ഥാനം എന്ന് ഷിജു അടയാളപ്പെടുത്തുന്നു. റെക്സ് വിജയനും ഷഹബാസ് അമനും ഒരുക്കിയ ഫുട്ബോള്‍ പാട്ടും ശ്രദ്ധേയം. പശ്ചാത്തലസംഗീതവും മികച്ചുനിന്നു. നൗഫല്‍ അബ്ദുള്ളയുടെ സമര്‍ഥമായ എഡിറ്റിങ്ങും സിനിമയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. ഒരു ചെറിയ പ്രമേയത്തെ ആഖ്യാനരീതികൊണ്ടും, ദൃശ്യപരിചരണം കൊണ്ടും ഹൃദയഹാരിയാക്കാം എന്ന് അടിവരയിടുകയാണ് സക്കരിയ എന്ന പ്രതിഭ. അണിയറക്കാര്‍ക്ക് ശുഭാശംസകള്‍. സിനിമയ്ക്ക് വിജയാശംസകള്‍..!

DONT MISS
Top