പ്രതികൂല കാലാവസ്ഥയെന്ന് കെസിഎ; ഇന്ത്യ – വിന്‍ഡീസ് മത്സരം കേരളത്തിന് നഷ്ടമായേക്കും

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

കോട്ടയം: കേരളം വേദിയാകേണ്ട ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനത്തിന് സാധ്യത മങ്ങുന്നു. നവംബറില്‍ കാലാവസ്ഥ മോശമായതിനാല്‍ ജനുവരിയിലെ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ചോദിച്ച് വാങ്ങാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) നീക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിന് ക്രിക്കറ്റ് മത്സരം നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നും കുമരകത്ത് നടന്ന കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.

അതേസമയം, ഓസ്‌ട്രേലിയന്‍ ടീമിലെ പര്യടനത്തിലെ വേദികളെല്ലാം ഇതിനോടകം തീരുമാനിച്ചതിനാല്‍ കേരളത്തിന് മത്സരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

ഇന്ത്യ -വെസ്റ്റ്ഇന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടത്താമെന്ന് കായിക മന്ത്രിക്ക് കെസിഎ ഉറപ്പ് നല്കിയെങ്കിലും ഈ മത്സരം നടക്കാനുള്ള സാധ്യത കുറവാണെന്നാണ് കെസിഎ ഇപ്പോള്‍ പറയുന്നത്. കേരളത്തില്‍ നടക്കുന്ന അടുത്ത മത്സരം തിരുവനന്തപുരത്തായിരിക്കുമെന്ന് കെസിഎ പറയുന്നുണ്ടെങ്കിലും നവംബറിലെ കാലാവസ്ഥ മോശമായതിനാല്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരം വേണ്ടെന്ന് വെക്കാനാണ് തീരുമാനം. പകരം ജനുവരിയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ ഒരു മത്സരം ബിസിസിഐ യോട് ചോദിച്ച് വാങ്ങാനുമാണ് കെസിഎ യുടെ നീക്കം. ഇത് സംബന്ധിച്ച് ബിസിസിഐയ്ക്കു കത്ത് നല്കാനും കെസിഎ ജനറല്‍ ബോഡി തീരുമാനിച്ചു.

തിരുവനപുരത്ത് മത്സരം നടക്കുമെന്ന് പറയുമ്പോഴും ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിന് ക്രിക്കറ്റ് മത്സരം നടത്താനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന വിലയിരുത്തല്‍ തിരുവനന്തപുരത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.

കൊച്ചി കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനായി നിര്‍മിച്ച ടര്‍ഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ച് നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതും ഇന്ത്യ – വിന്‍ഡീസ് മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ ധാരണയായതും.

ഇടക്കൊച്ചി സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട കേസ് അനുകൂലമായ സാഹചര്യത്തില്‍ ഇടകൊച്ചി സ്‌റ്റേഡിയം നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു. കെസിഎ തെരഞ്ഞെടുപ്പ് ജൂണില്‍ തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top