സാധാരണക്കാരന്റെ പോക്കറ്റിലേക്ക് ഷവോമിയെത്തുന്നത് തടയാനുറച്ച് സാംസങ്ങ്; ഗ്യാലക്‌സി ജെ7 പ്രൈം 2 അവതരിപ്പിച്ചു


പതിനായിരം രൂപ എന്ന വിലനിലവാരത്തില്‍ ഫോണ്‍ വാങ്ങുന്ന ഒരാളുടെ ആദ്യ ചോയ്‌സ് എന്ന മഹിമ ഷവോമി എന്ന ബ്രാന്‍ഡിന് തന്നെ നല്‍കേണ്ടിവരും. റെഡ്മി നോട്ട് 3 എന്ന കറുത്ത കുതിയ ഷവോമിയേയും കൊണ്ട് കുതിച്ചത് സാംസങ്ങിനുമപ്പുറത്തേക്കാണ്. പിന്നെ കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 5000 രൂപ മുതല്‍ 15000 വരെ വിലനിലവാരത്തില്‍ എത്ര ഷവോമി ഫോണുകള്‍ വിപണിയിലുണ്ടെന്ന് ഒറ്റയടിക്ക് പറയുക സാധ്യവുമല്ല.

എന്നാല്‍ പണ്ട് ഈ വിഭാഗം ഉപഭോക്താക്കളെ കയ്യാളിയിരുന്ന സാംസങ്ങിന് ഇപ്പോള്‍ പ്രീമിയം മോഡലുകളിലേക്കാണ് നോട്ടം. എന്നാല്‍ ബജറ്റ് വിഭാഗത്തില്‍ പണ്ട് നേരിട്ട ചീത്തപ്പേര് കളയാനാണ് കമ്പനിയുടെ ശ്രമം. ഈ ശ്രമത്തിന് കരുത്തുപകരാന്‍ ഗ്യാലക്‌സി ജെ7 പ്രൈം എന്ന മോഡലിന്റെ പിന്മുറക്കാരന്‍ വരികയാണ്, പേര് ജെ7 പ്രൈം2.

ഫുള്‍ എച്ച്ഡി മേന്മയുള്ള 5.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ആദ്യം ഫോണിലേക്ക് ആകര്‍ഷിക്കുക. കോണിംഗ് ഗൊറില്ലാ ഗ്ലാസ് സംരക്ഷണയുള്ള ഡിസ്‌പ്ലെയാണിത്. ഫുള്‍ മെറ്റല്‍ ബോഡിയാണ് ഫോണിനുളളത്. 1.6 ഗിഗാഹെട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് 7 സീരിസ് പ്രോസസ്സറും മൂന്ന് ജിബി റാമും ഫോണിന് കരുത്തേകും. 3,300 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എഫ് 1.9 അപ്പേര്‍ച്ചര്‍ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയാണ് മറ്റൊരു ഘടകം. കുറഞ്ഞ വെട്ടത്തിലും മികച്ച പ്രകടനം ഈ ക്യാമറ കാഴ്ച്ചവയ്ക്കുമെന്നുറപ്പ്. സെല്‍ഫി ക്യാമറയും 13 മെഗാപിക്‌സലാണ്. ലൈവ് സ്റ്റിക്കറുകളും ലൈവ് ഫില്‍റ്ററുകളും ക്യാമറയില്‍ കൗതുകം വര്‍ദ്ധിപ്പിക്കും. ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗും ഉള്‍പ്പെടുത്തിയിരിക്കുന്നു.

13,990 രൂപയാണ് ഫോണിന്റെ വില. ഈ വിലനിലവാരത്തില്‍ ഒരു സാംസങ്ങ് ഫോണ്‍ സ്വന്തമാക്കണമെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണിത്. എന്നാല്‍ ബെസല്‍ ചെറുതാക്കി പുതുതലമുറയുടെ ഇഷ്ടങ്ങള്‍ കുറച്ചുകൂടി പരിഗണിച്ചിരുന്നെങ്കില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ ഫോണിന് സാധിക്കുമായിരുന്നു എന്നും പറയാം.

DONT MISS
Top