മോദി ആപ്പ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയ്ക്ക് ചോര്‍ത്തി നല്‍കുന്നു; ഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ അമേരിക്കന്‍ കമ്പനിയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ഗുരുതര ആരോപണവുമായി ഗവേഷകന്‍ രംഗത്ത്. ഫ്രഞ്ച് സുരക്ഷാ നിരീക്ഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സനാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ പേജിലാണ് ആല്‍ഡേഴ്‌സണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ in.wzrkt.com എന്ന അമേരിക്കന്‍ ഡൊമൈനിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച വിവരങ്ങളില്‍ ആല്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നത്.

നരേന്ദ്രമോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങളും മറ്റും നിങ്ങളുടെ സമ്മതമില്ലാതെ ഒരു തേര്‍ഡ് പാര്‍ട്ടി ഡെമൈനിലേക്ക് കൈമാറുന്നുണ്ടെന്ന് ആല്‍ഡേഴ്‌സണ്‍ പറയുന്നു. ഉപയോക്താവിന്റെ ഇമെയില്‍ വിവരങ്ങളും ഫോട്ടോകളും കോണ്‍ടാക്റ്റ് നമ്പരും അടക്കം ചേര്‍ത്തി നല്‍കുന്നുണ്ടെന്നാണ് ആല്‍ഡേഴ്‌സണ്‍ ആരോപിക്കുന്നത്.

ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന സംഭവത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നരേന്ദ്രമോദി ആപ്പിനെതിരെയുള്ള ഗുരുതര വെളിപ്പെടുത്തലുകള്‍.

അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗതവിവരം ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ദുരുപയോഗിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.വിവാദം ശക്തമായതിന് പിന്നാലെ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് പരസ്പരം പഴിചാരി ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയിരുന്നു.

DONT MISS
Top