ഒരു ദിവസം 45628 എലികളെ കൊല്ലുന്ന കമ്പനി; സെക്രട്ടറിയേറ്റിലെ എലികളെ കൊന്ന കണക്കിനെച്ചൊല്ലി മഹാരാഷ്ട്ര നിയമസഭയില്‍ കോലാഹലം

മുംബൈ: സെക്രട്ടറിയേറ്റിലെ എലികളെ കൊന്ന കണക്കാണ് ഇന്നലെ മഹാരാഷ്ട്ര നിയമസഭയില്‍ വലിയ വാദപ്രതിവാദത്തിന് കാരണമായത്. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെയാണ് താന്‍കൂടി ഭാഗമായ മന്ത്രിസഭയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.

സെക്രട്ടറിയേറ്റിലെ എലികളെ കൊല്ലാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. ഏഴ് ദിവസം കൊണ്ട് തങ്ങള്‍ മൂന്നു ലക്ഷത്തിലേറെ എലികളെ കൊന്നുവെന്നാണ് കമ്പനി നല്‍കിയ വിവരം. 3,19,400 എന്നതാണ് കൃത്യമായ കണക്ക്. ഈ കണക്കാണ് ഖഡ്‌സെയെ പ്രകോപിപ്പിച്ചത്.

ഏഴ് ദിവസം കൊണ്ട് മൂന്നു ലക്ഷത്തിലേറെ എലികളെ കൊല്ലണമെങ്കില്‍ ഒരു ദിവസം ശരാശരി 45,628 എലികളെയെങ്കിലും കൊല്ലണം. അതിനര്‍ത്ഥം ഓരോ അര മിനുട്ടിലും 31എലികളെ കൊല്ലുന്നുണ്ട് എന്നാണ്. അങ്ങനെയെങ്കില്‍ അതൊരു ഭയങ്കരന്‍ കമ്പനിയാണല്ലോ എന്നായിരുന്നു ഖഡ്‌സെയുടെ ആരോപണം.

ചത്ത എലികളുടെ മൊത്തം ഭാരം കണക്കുകൂട്ടിയാല്‍ ഏകദേശം 9125 കിലോയുണ്ടാകും. ഇത്രയും ഭാരം വഹിക്കാന്‍ ട്രക്ക് തന്നെ വേണ്ടി വരും. എന്നാല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഇങ്ങനെ ഇത്രയുമധികം ചത്തഎലികളെ കൊണ്ടുപോകുന്നത് കണ്ടവരില്ലെന്നും ഖഡ്‌സെ പരിഹസിച്ചു.

ഖഡ്‌സെയുടെ ആരോപണങ്ങള്‍ സഭയില്‍ വലിയ കോലാഹലത്തിനും അതോടൊപ്പം പൊട്ടിച്ചിരിക്കുമാണ് വഴിവെച്ചത്. മന്ത്രിസഭാംഗം തന്നെ ആരോപണമുന്നയിച്ചതോടെ പ്രതിപക്ഷം വിഷയം വിവാദമാക്കുകയും ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വകുപ്പാണ് കരാര്‍ നല്‍കിയത് എന്നതും ആരോപണങ്ങള്‍ക്ക് കാരണമായി.

വിവരാവകാശ രേഖ പ്രകാരമാണ് തനിക്ക് വിവരങ്ങള്‍ ലഭിച്ചതെന്നും അതില്‍ 3,19,400 എലികളെ കൊല്ലാന്‍ സര്‍ക്കാര്‍ പണം നല്‍കിയെന്നാണ് പറയുന്നതെന്നും ഖഡ്‌സെ പറഞ്ഞു. ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും ഖഡ്‌സെ ആവശ്യപ്പെട്ടു.

വിഷയം വിവാദമായതോടെ സര്‍ക്കാര്‍ വിശദീകണം നല്‍കി. എലികളെ കൊല്ലാനായി കരാറ് നല്‍കിയ കമ്പനിക്ക് 4,79,100 രൂപ നല്‍കിയിരുന്നു. ഈ തുകയ്ക്ക് വിനായക് മസൂര്‍ എന്ന കമ്പനി 3,19,400 വിഷ ഗുളികകളാണ് നല്‍കിയത്. എന്നാല്‍ ഇതെത്രത്തോളം ഫലവത്തായെന്നോ എത്ര എലികള്‍ കൊല്ലപ്പെട്ടുവെന്നോ വ്യക്തമല്ല എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

DONT MISS
Top