യുപിയില്‍ വോട്ട് വാങ്ങാനായില്ല, എംഎല്‍എമാരെ വാങ്ങാനാകുമെന്ന് തെളിയിച്ച് വീണ്ടും ബിജെപി, പത്തില്‍ ഒന്‍പത് രാജ്യസഭാ സീറ്റുകളും നേടി

അമിത് ഷാ, നരേന്ദ്ര മോദി

ലഖ്‌നൗ: മാര്‍ച്ച് 14 നാണ് ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നത്. ഭരണകക്ഷിയായ ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ അവരെ കൈവിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം വൈരം മറന്ന് ഒന്നിച്ച എസ്പി-ബിഎസ്പി സഖ്യം വന്‍വിജയത്തോടെ രണ്ട് സീറ്റുകളും പിടിച്ചെടുത്തു. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായിരുന്നു രണ്ടിടത്തും വിജയിച്ചത്. ബിഎസ്പിയുടെ മനസറിഞ്ഞുള്ള പിന്തുണയും ആ വിജയത്തിന് ആധാരമായിരുന്നു. രണ്ട് മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ ബിജെപിയെ കൈവിട്ടു. വോട്ടുവാങ്ങുന്നതില്‍ ബിജെപി പരാജയപ്പെട്ടു.

ഒരാഴ്ചയ്ക്കിപ്പുറം ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇതേ എസ്പി-ബിഎസ്പി സഖ്യത്തിന് പക്ഷേ തിരിച്ചടിയേറ്റു. സംസ്ഥാനത്ത് ആകെയുള്ള പത്തില്‍ ഒമ്പത് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയം നേടി. അംഗബലം വെച്ച് എട്ട് സീറ്റുകളിലായിരുന്നു ബിജെപിക്ക് വിജയം ഉറപ്പുണ്ടായിരുന്നത്. എന്നാല്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളെ അവര്‍ രംഗത്തിറക്കി. എതിര്‍പാളയത്തില്‍ പടയുണ്ടാക്കി വിജയം സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം അവര്‍ നേടി. ബിഎസ്പി എംഎല്‍എ മറുകണ്ടം ചാടി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. വോട്ടിംഗിന് ശേഷം ഇക്കാര്യം ബിഎസ്പി എംഎല്‍എ അനില്‍ സിംഗ് പരസ്യമാക്കുകയും ചെയ്തു. താന്‍ മുഖ്യമന്ത്രി ആദിത്യനാഥിന് ഒപ്പമാണെന്ന് സിംഗ് പറഞ്ഞു. അങ്ങനെ ജനങ്ങളുടെ വോട്ട് വാങ്ങുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ബിജെപി എംഎല്‍എമാരെ വാങ്ങുന്നതില്‍ തങ്ങള്‍ മിടുക്കരാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. മറ്റ് പലസംസ്ഥാനങ്ങളിലും പലപ്പോഴും കണ്ട ബിജെപിയുടെ ചാണക്യബുദ്ധി ഇവിടെയും വിജയം കണ്ടു.

അഖിലേഷ് യാദവ്, മായാവതി

രാജ്യസഭയില്‍ പാര്‍ട്ടിക്കൊരു അംഗത്തെ നേടിയെടുക്കാന്‍ കാത്തിരുന്ന ബിഎസ്പി അധ്യക്ഷ മായാവതിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ പത്തുസീറ്റുകളില്‍ ഒന്‍പതെണ്ണം ബിജെപി നേടിയപ്പോള്‍ ഒരെണ്ണം എസ്പി സ്വന്തമാക്കി. 324 എംഎല്‍എമാരുള്ള ബിജെപിക്ക് എട്ട് അംഗങ്ങളുടെ വിജയം ഉറപ്പായിരുന്നു. 47 അംഗങ്ങളുള്ള എസ്പിക്ക് ഒരു സീറ്റും ഉറപ്പായിരുന്നു. ബാക്കിയുള്ള ഒരു സീറ്റിലേക്കായിരുന്നു മത്സരം നടന്നത്. ബിഎസ്പിക്ക് 19 എംഎല്‍എമാരാണ് ഉള്ളത്. ഒരു അംഗത്തെ വിജയിപ്പിക്കാന്‍ 37 ഒന്നാം വോട്ടുകളാണ് വേണ്ടത്. ബിജെപിക്ക് എട്ട് അംഗങ്ങളെ വിജയിപ്പിച്ച് കഴിഞ്ഞാല്‍ 28 ഒന്നാം വോട്ടുകളാണ് അധികം ഉള്ളത്.

എസ്പിയും ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസും ബിഎസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എസ്പിയുടെ അധികം വരുന്ന പത്ത് ഒന്നാം വോട്ടുകളും ബിഎസ്പിയുടെ 19 ഉം കോണ്‍ഗ്രസിന്റെ ഏഴും ചേരുമ്പോള്‍ 36 ഒന്നാം വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഭീം റാവു അംബേദ്കറിന് 33 ഒന്നാം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മറുവശത്ത് ബിജെപിയുടെ ഒമ്പതാം സ്ഥാനാര്‍ത്ഥിക്ക് 28 ഒന്നാം വോട്ടുകള്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ 22 വോട്ടുകള്‍ മാത്രമെ അനില്‍ അഗര്‍വാളിന് ലഭിച്ചുള്ളൂ.

ഒന്നാം വോട്ടുകളില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ രണ്ടാം വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തിയത്. ഇവിടെ ബിജെപി പിന്തുണയോടെ മത്സരിച്ച അനില്‍ അഗര്‍വാള്‍ വിജയിക്കുകയായിരുന്നു. എസ്പിയുടെ രണ്ടാം വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതുമില്ല.

DONT MISS
Top