ലൈംഗികാരോപണം: ടേബിള്‍ ടെന്നീസ് താരം സൗമ്യജിത് ഘോഷിന് സസ്‌പെന്‍ഷന്‍

സൗമ്യജിത് ഘോഷ്

ദില്ലി: ലൈംഗികാരോപണത്തെ തുടര്‍ന്ന് ദേശീയ ടേബിള്‍ ടെന്നീസ് താരം സൗമ്യജിത് ഘോഷിനെ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ടിടിഎഫ്‌ഐ) സസ്‌പെന്‍ഡ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ പതിനെട്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

കേസില്‍ കുറ്റക്കാരനല്ലായെന്ന് തെളിയുന്നത് വരെ ഘോഷിനെതിരായ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ടേബിള്‍ ടെന്നീസ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. സസ്‌പെന്‍ഷന്‍ കാലയളവില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന ഒരു ടൂര്‍ണമെന്റിലും താരത്തിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ടിടിഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു. ഇതോടെ 2018 കോമണ്‍വെല്‍ത്ത് ഗെയിംയില്‍ പങ്കെടുക്കാനുള്ള ഘോഷിന്റെ സ്വപ്‌നങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടേബിള്‍ ടെന്നീസ് സംഘം ഏപ്രില്‍ 30 നാണ് പുറപ്പെടുക.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താനുമായി ഘോഷ് അടുപ്പത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ ആരോപണം. വിവാഹ കഴിക്കുമെന്ന് ആദ്യം ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് നിരസിച്ചതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം എല്ലാ ആരോപണങ്ങളും നിഷേധിച്ച് ഘോഷിന്റെ കുടുംബം രംഗത്തെത്തി. താരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണിതെന്നും, പരാതി വ്യാജമാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. 2012, 2016 ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഘോഷ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്. തന്റെ പത്തൊമ്പതാം വയസ്സില്‍ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ പട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

DONT MISS
Top