വിവരങ്ങള്‍ ചോര്‍ത്തിയത് ആര്? കേംബ്രിഡ്ജ് അനലിറ്റിക്കയോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

ഫയല്‍ചിത്രം

ദില്ലി: ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന സംഭവത്തില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്കയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി നോട്ടീസ് അയച്ചു. ഈ മാസം 31നകം ഇത് സംബന്ധിച്ച വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. വിവര സാങ്കേതിക മന്ത്രാലയമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വിവരങ്ങള്‍ ശേഖരിച്ച മാര്‍ഗം, ആരുടെയൊക്കെ വിവരങ്ങളാണ് ശേഖരിച്ചത്, ആരാണ് ചുമതലപ്പെടുത്തിയത് തുടങ്ങി ആറോളം ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്രകുറിപ്പിലൂടെയാണ് നോട്ടീസ് നല്‍കിയ കാര്യം കേന്ദ്രം അറിയിച്ചത്.

അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗതവിവരം ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ദുരുപയോഗിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം ക്ഷമചോദിച്ചിരുന്നു.

50 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ കണ്‍സള്‍ട്ടണ്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ദുരുപയോഗം ചെയ്‌തെന്നും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.  അഞ്ച് കോടിയോളം വരുന്ന യൂസര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്.

വിവാദം ശക്തമായതിന് പിന്നാലെ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് പരസ്പരം പഴിചാരി ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അനഭലഷണീയമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക  ഏജന്‍സി  അഞ്ച് കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

DONT MISS
Top