കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ നേരിടാന്‍ സിപിഐഎം; നാട്ടുകാവല്‍ സമരം ഇന്ന്

ഫയല്‍ചിത്രം

കണ്ണൂര്‍: ബൈപ്പാസിനെതിരെയുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പ്രതിരോധിക്കാനൊരുങ്ങി സിപിഐഎം. പ്രദേശത്ത് ബൈപ്പാസ് പദ്ധതിയെ അനുകൂലിച്ചുകൊണ്ട് സിപിഐഎം നടത്തുന്ന നാട്ടുകാവല്‍ സമരം ഇന്ന്. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം രണ്ടാം ഘട്ടത്തിലേക്ക് നാളെ കടക്കാനിരിക്കെയാണ് നാട്ടുകാവല്‍ സമരവുമായി സിപിഐഎം രംഗത്തെത്തുന്നത്.

നാട്ടുകാവല്‍ സമരത്തിന്റെ ഭാഗമായി സിപിഐഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും  പ്രദേശത്ത് കാവല്‍പ്പുര കെട്ടുകയും ചെയ്യും. 3000ത്തോളം പേരെ പങ്കെടുപ്പിച്ചാണ് സിപിഐഎമ്മിന്റെ ബഹുജന പ്രകടനം. എംവി ഗോവിന്ദന്റെ നേതൃത്വത്തിലായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുക. കീഴാറ്റൂരില്‍ പുറത്തുനിന്നുള്ളവരെത്തി പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ്  സിപിഐഎമ്മിന്റെ ആരോപണം. ദേശീയപാത ബൈപ്പാസിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ പല തരത്തിലും സിപിഐഎം പ്രതിരോധിച്ചിരുന്നു.

അതേസമയം പരിസ്ഥിതി പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് സമരം കൂടുതല്‍ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വയല്‍ക്കിളികള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നും സമരത്തിന് വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. നാളെ സമരം ആരംഭിക്കുന്ന വയല്‍ക്കിളികള്‍ക്ക് മറുപടിയെന്ന നിലയിലാണ് സിപിഐഎം ഇന്ന് നാട്ടുകാവല്‍ സമരം സംഘടിപ്പിക്കുന്നത്. വയല്‍ക്കിളികള്‍ക്കെതിരെ സിപിഐഎം  കൂടി രംഗത്തെത്തുന്നതോടെ കീഴാറ്റൂര്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രതയിലാണ്.

DONT MISS
Top