തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും ജീവിതസുരക്ഷയും എടുത്തുകളയുകയാണ് മോദി സര്‍ക്കാരെന്ന് തോമസ് ഐസക്

തോമസ് ഐസക്

കൊച്ചി: തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും ജീവിതസുരക്ഷയും എടുത്തുകളയുകയാണ് നരേന്ദ്രമോദി സര്‍ക്കാരെന്ന് ധനമന്ത്രി തോമസ് ഐസക്. തന്നിഷ്ടം പോലെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന ‘നിശ്ചിത കാലയളവ് തൊഴില്‍’ വിജ്ഞാപനം തീര്‍ത്തും ജനവിരുദ്ധമാണെന്നും ഇത് പിന്‍വലിക്കണമെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൂലി, വ്യവസായബന്ധങ്ങള്‍, സാമൂഹ്യസുരക്ഷ എന്നിവയിലെല്ലാം നാളിതുവരെ തൊഴിലാളിയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും പരിരക്ഷയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അഴിച്ചു പണിയുകയാണെന്ന് പറഞ്ഞ ഐസക് ഇതിനെതിരെ ഏപ്രില്‍ 2ന് സംസ്ഥാനത്ത് നടക്കുന്ന പൊതുപണിമുടക്ക് വന്‍വിജയമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

എന്റെ മകള്‍ ഗവേഷണം ചെയ്യുന്നത് സംഘടിത മേഖലയിലെ അസംഘടിത തൊഴിലാളികളെക്കുറിച്ചാണ്. ആഗോളീകരണ പരിഷ്‌കാരങ്ങളുടെ പേരില്‍ സംഘടിത മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും താല്‍ക്കാലിക/കാഷ്വല്‍ അല്ലെങ്കില്‍ പ്രൊബേഷണറി തൊഴിലാളികളായി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ് തുടക്കം കുറിച്ച തൊഴില്‍ ബന്ധങ്ങളിലെ ഈ മാറ്റം ബിജെപി അതിശക്തമായി നടപ്പാക്കുകയാണ്.

തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും ജീവിതസുരക്ഷയും എടുത്തു കളയുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. തന്നിഷ്ടം പോലെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന ‘നിശ്ചിത കാലയളവ് തൊഴില്‍’ വിജ്ഞാപനം തീര്‍ത്തും ജനവിരുദ്ധമാണ്. ഇതു പിന്‍വലിക്കുക തന്നെ വേണം. ഇന്ത്യയില്‍ തൊഴിലില്ലായ്മ വളരുന്നതിനു കാരണം സംഘടിതമേഖലയില്‍ ആളുകളെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള കര്‍ശനമായ നിയമങ്ങളാണ് എന്നതാണ് നിയോ ലിബറല്‍ സാമ്പത്തികശാസ്ത്രം അനുശാസിക്കുന്നത്. തൊഴില്‍ സ്ഥിരത വേണോ തൊഴില്‍ വേണോ എന്നതാണ് ഇവരുടെ പല്ലവി. ബിജെപി, തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി തൊഴില്‍ സ്ഥിരത ഇല്ലാതാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ തൊഴില്‍ നിയമപ്രകാരം സ്ഥിരം, പ്രൊബേഷനറി, താല്‍ക്കാലികം, കാഷ്വല്‍, അപ്രണ്ടീസ് എന്നിങ്ങനെയാണ് തൊഴിലാളികളെ തരംതിരിച്ചിരുന്നത്.

2015ല്‍ ബിജെപി സര്‍ക്കാര്‍ തുണി നിര്‍മ്മാണ മേഖല, സീസണല്‍ വ്യവസായമാണെന്നു പറഞ്ഞ് അവിടെ രണ്ടോ മൂന്നോ നാലോ മാസത്തേയ്ക്ക് അഥവാ നിശ്ചിതകാലത്തേയ്ക്ക് തൊഴിലാളികളെ നിയമിക്കാമെന്ന് ഭേദഗതി കൊണ്ടുവന്നു. ഇപ്പോള്‍ ആരോടും ചര്‍ച്ച ചെയ്യാതെ ഇത് എല്ലാ വ്യവസായത്തിലും ബാധകമാക്കിയിരിക്കുകയാണ്. അതോടെ ഇനിമേല്‍ സ്ഥിരം, പ്രൊബേഷനറി, താല്‍ക്കാലികം, കാഷ്വല്‍, അപ്രണ്ടീസ് എന്നിവയ്ക്കു പുറമെ നിശ്ചിതകാല കരാര്‍ തൊഴിലാളി എന്ന വിഭാഗം കൂടി ഉണ്ടാകും. ഇവരെ എപ്പോ വേണമെങ്കിലും പിരിച്ചുവിടാം. മൂന്നു മാസമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാഴ്ചത്തെ നോട്ടീസ് വേണമെന്നു മാത്രം. നിലവിലുള്ള സ്ഥിരം തൊഴിലാളികള്‍ക്കു സംരക്ഷണം എന്നൊക്കെ പറയുന്നത് വെറും തട്ടിപ്പാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഇപ്പോള്‍ത്തന്നെ സ്ഥിരം തൊഴിലാളികള്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തൊഴില്‍ നിയമഭേദഗതിയോടെ ഇതിന്റെ ഗതിവേഗം പലമടങ്ങാകും.

കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. പക്ഷേ, ഇത്ര പൊടുന്നനെ ഇതു നടപ്പാക്കിക്കളയുമെന്ന് ആരും കരുതിയിരുന്നില്ല. കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില ചെലവിന്റെ ഒന്നര മടങ്ങാക്കും, ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കൊണ്ടുവരും എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, അവയൊന്നുമല്ല ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന. തൊഴില്‍ നിയമം ഭേദഗതി ചെയ്യുകയാണ്. ഹയര്‍ ആന്‍ഡ് ഫയര്‍ വ്യവസ്ഥ ഇന്ത്യയിലും കൊണ്ടുവരികയാണ്. 1946ലെ വ്യാവസായിക തൊഴില്‍ (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി തൊഴില്‍മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

ബിഎംഎസ് അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ ഈ കിരാത നിയമത്തിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. സ്ഥിരം ജോലി എന്ന സങ്കല്‍പം തന്നെ ഇതോടെ അപ്രത്യക്ഷമാകുമെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റിനുപോലും പരസ്യമായി പ്രതികരിക്കേണ്ടി വന്നു. അത്ര രൂക്ഷമാണ് തൊഴില്‍ മേഖലയില്‍ ഈ നിയമം സൃഷ്ടിച്ച അസംതൃപ്തിയും പ്രതിഷേധവും. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ നീക്കം ഉണ്ടായിരുന്നു. എന്നാല്‍ അന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തിനു മുന്നില്‍ സര്‍ക്കാരിനു മുട്ടു മടക്കേണ്ടി വന്നു. ഇന്ന് പിന്‍വാതിലിലൂടെ നിയമഭേദഗതി നടത്തിയ മോദി സര്‍ക്കാര്‍ തൊഴിലാളി വഞ്ചകരാണെന്ന് ബിഎംഎസ് തന്നെ ആരോപിക്കുമ്പോള്‍, പ്രശ്‌നം എത്ര രൂക്ഷമാണെന്ന് ബോധ്യമാകും.

തൊഴിലെടുക്കുന്നവരെ വഴിയാധാരമാക്കി ആര്‍ക്കു വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്? പ്രത്യക്ഷ ഗുണഭോക്താക്കള്‍ കോര്‍പറേറ്റുകളാണ്. ഇഷ്ടം പോലെ ഫാക്ടറി തുറക്കാനും അടച്ചിടാനും തൊഴിലാളിയെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള സ്വാതന്ത്ര്യം വേണമെന്നാണ് മുതലാളിമാരും കോര്‍പറേറ്റുകളും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ആ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തൊഴില്‍ നിയമങ്ങളിലെ പരിഷ്‌കാരം. കൂലി, വ്യവസായബന്ധങ്ങള്‍, സാമൂഹ്യസുരക്ഷ എന്നിവയിലെല്ലാം നാളിതുവരെ തൊഴിലാളിയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും പരിരക്ഷയും വന്‍കിട കോര്‍പറേറ്റുകള്‍ക്കു വേണ്ടി അഴിച്ചു പണിയുകയാണ്. അപ്രന്റീസ് നിയമത്തിലും തൊഴില്‍ നിയമത്തിലും തൊഴിലുടമകള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഭേദഗതി ഇതിനകം തന്നെ മോഡി നടപ്പാക്കിക്കഴിഞ്ഞു. ഈ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളുടെ റിഹേഴ്‌സലുകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിത്തുടങ്ങി.

ഈ നിയമത്തിനെതിരെ രൂക്ഷമായ പ്രതിഷേധം രാജ്യത്തുയരണം. ഏപ്രില്‍ 2ന് സംസ്ഥാനത്തു നടക്കുന്ന പൊതുപണിമുടക്ക് വന്‍ വിജയമാകണം. ആ പാതയില്‍ത്തന്നെ രാജ്യവ്യാപകമായി തൊഴിലാളികള്‍ സംഘടിക്കും. ബിഎംഎസ് അടക്കമുള്ള ട്രേഡ് യൂണിയനുകളിലൂടെ പുറത്തുവരുന്ന എതിര്‍പ്പിന്റെ ചുവരെഴുത്ത് മോദി സര്‍ക്കാരിന് മാനിക്കേണ്ടി വരും.

DONT MISS
Top