സിറോ മലബാര്‍ സഭ ഭൂമി ഇടപാട് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന; നാളെ അടിയന്തര വൈദിക സമിതി യോഗം

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് വിഷയം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന. സ്ഥലമിടപാടില്‍ ധന നഷ്ടം വന്നതായും ഇത് പരിഹരിക്കാമെന്നും കര്‍ദിനാള്‍ കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ അറിയിച്ചു. തീരുമാനങ്ങള്‍ക്കായി നാളെ അടിയന്തര വൈദിക സമിതി യോഗം കൊച്ചിയില്‍ ചേരും.

ഭൂമി വിവാദം പരിഹരിക്കാന്‍ കെസിബിസി നടത്തിയ രണ്ടാംവട്ട മധ്യസ്ഥ ശ്രമത്തിലാണ് ഫലം അനുകൂലമായത്. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ സൂസപാക്യം, മലങ്കര സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കത്തോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. തനിക്കു തെറ്റ് പറ്റിയെന്നും നഷ്ടം നികത്താനുള്ള നടപടികള്‍ എടുക്കാമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മധ്യസ്ഥ ചര്‍ച്ചയില്‍ അറിയിച്ചു. കര്‍ദിനാളിന്റെ നിലപാട് ചര്‍ച്ച ചെയ്യാന്‍ അടിയന്തര വൈദിക സമിതി യോഗം കൊച്ചിയില്‍ നാളെ ചേരും.

ഈസ്റ്ററിന് മുന്‍പ് സന്തോഷ വാര്‍ത്ത ഉണ്ടാകുമെന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ക്ലിമീസ് കാതോലിക്ക ബാവ അറിയിച്ചു. നാളെ വൈകിട്ട് മൂന്നിന് എറണാകുളം ബിഷപ്പ് ഹൗസിലാണ് വൈദിക സമിതി യോഗം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും യോഗത്തില്‍ പങ്കെടുക്കും.

DONT MISS
Top