ഇന്‍സ്‌പെക്ടറാകണം; അര്‍ബുദ ബാധിതനായ ഏഴുവയസുകാരന്റെ ആഗ്രഹം സാധിച്ചു നല്‍കി മുംബൈ പൊലീസ്

അര്‍പിത് പൊലീസുകാരോടൊപ്പം

മുംബൈ: പൊലീസ് ഇന്‍പെക്ടറാകണം എന്ന അര്‍ബുദ ബാധിതനായ ഒന്‍പതു വയസുകാരന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് മാതൃകയാവുകയാണ് മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. അര്‍ബുദ ബാധിതനായ അര്‍പിത് മണ്ഡല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആഗ്രഹമാണ് മുംബൈ പൊലീസ് സാധിച്ചു നല്‍കിയിരിക്കുന്നത്. ഒരു ദിവസത്തേക്കാണ് ആര്‍പിതിനെ ഇന്‍സ്‌പെക്ടറായി നിയമിച്ചത്.

പൊലീസ് യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ ഇരിക്കുന്ന അര്‍പിതിന്റെ ഫോട്ടോ മുബൈ പൊലീസ് തന്നെയാണ്  ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റ് പൊലീസുകാരോടൊപ്പം സ്റ്റേഷനില്‍ വെച്ച് അര്‍പിത് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചു. അര്‍പിതിന് വേണ്ടി ഒരു ദിവസം നല്‍കിയതിന് വലിയ പ്രശംസയാണ് മുംബൈ പൊലീസിനെ തേടിയെത്തിയത്.

മേക്ക് എ വിഷ് എന്ന സംഘടനയാണ് അര്‍പിതിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് മുന്‍ കൈയെടുത്തത്. ഗുരുതര അസുഖങ്ങള്‍ ബാധിച്ച മൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്ന സംഘടനയാണ് മേക്ക് എ വിഷ്.

DONT MISS
Top