പ്രതീക്ഷയോടെ ‘9’; പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും കൈകോര്‍ക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ചിത്രത്തില്‍ നിന്ന്

കൊച്ചി: പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പൃഥ്വിരാജ് തന്നെയാണ് വിവരം ഫെയ്‌സ്ബുക്ക് വഴി പങ്കുവെച്ചത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ വൈകാതെ പരിചയപ്പെടുത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് സിനിമാസില്‍ നിന്നും മാറി പുതിയ പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച പൃഥ്വിരാജ് സോണി പിക്‌ച്ചേഴ്‌സുമായി ഒന്നിക്കുന്ന വിവരം നേരത്തെ തന്നെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുവഴി അറിയിച്ചിരുന്നു. ആദ്യമായാണ് സോണി പിക്‌ച്ചേഴ്‌സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത് എന്നതും ഈ പുതിയ കുട്ടായ്മയുടെ ഏറ്റവുംവലിയ സവിശേഷതയാണ്.

ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ തുടങ്ങിയവരോടൊപ്പം ഉറുമി സിനിമയിലൂടെ പൃഥ്വിരാജ് ആരംഭിച്ച ഓഗസ്റ്റ് സിനിമാസുമായി താരം വേര്‍പിരിഞ്ഞിരുന്നു. അതിന് ശേഷമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനുമായി ചേര്‍ന്ന് പുതിയ സിനിമ നിര്‍മാണ കമ്പനിക്ക് രൂപം നല്‍കിയത്. വലിയ സിനിമകള്‍ വിവിധ ഭാഷകളിലായി വെള്ളിത്തിരയില്‍ എത്തിച്ച, ഇന്ത്യന്‍ സിനിമ കണ്ട വലിയ സിനിമ പ്രൊഡക്ഷന്‍ കമ്പനിയായ സോണി പിക്‌ചേഴ്‌സുമായുള്ള കൂടിച്ചേരലിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കികാണുന്നത്.

DONT MISS
Top