അങ്കമാലി അതിരൂപതാ ഭൂമി വിവാദം: ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച് 28 ന് പരിഗണിക്കും

മാര്‍ ജോര്‍ജ് ആലഞ്ചേരി

ദില്ലി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച് ഇരുപത്തിയെട്ടിന് പരിഗണിക്കും. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. കര്‍ദിനാള്‍ പക്ഷത്തെ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്റെ തടസഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് എത്തും.

ഭൂമി ഇടപാടിനെപ്പറ്റി അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് മാര്‍ട്ടിന്റെ ഹര്‍ജിയിലെ ആവശ്യം. അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ഈ ഹര്‍ജിയില്‍ എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് ഇറക്കരുതെന്നാണ് പ്രതികളില്‍ ഒരാളായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം.

മാര്‍ച്ച് ആറിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഭൂമി ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലുപേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു നാല് പേര്‍ക്കെതിരെയും കേസ് എടുത്തത്.

എന്നാല്‍ ഇതിനെതിരെ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. മാര്‍ച്ച് 16 ന് ഡിവിഷന്‍ ബെഞ്ച് അന്വേഷണം സ്റ്റേ ചെയ്ത് കേസ് ഏപ്രില്‍ മൂന്നിലേക്ക് മാറ്റുകയായിരുന്നു.

DONT MISS
Top