ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യം

കാര്‍ത്തി ചിദംബരം

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് കാര്‍ത്തിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഫെബ്രുവരി 28 നാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി ചിദംബരം.

രാജ്യം വിട്ടുപോകരുതെന്ന് കോടതി കാര്‍ത്തിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യരുതെന്നും കോടതി ജാമ്യഉത്തരവില്‍ പറയുന്നു. 24 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കാര്‍ത്തിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

2007 ല്‍ പ്രമുഖ മാധ്യമവ്യവസായിയായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ ഫണ്ട് ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി നിന്ന കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ കേസ്. അക്കാലത്ത് കേന്ദ്രധനമന്ത്രിയായിരുന്ന അച്ഛന്‍ പി ചിദംബരത്തിന്റെ സ്വാധീനം ഉപയോഗിച്ച് 305 കോടി രൂപ വിദേശനിക്ഷേപം ലഭ്യമാക്കുന്നതിനായിരുന്നു കാര്‍ത്തി കൈക്കൂലി വാങ്ങിയതെന്ന് സിബിഐ തെളിവുകള്‍ നിരത്തി വാദിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കാര്‍ത്തിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഷീനാ ബോറ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഇപ്പോള്‍ മുംബൈ ജയിലിലാണ്. കാര്‍ത്തി ചിദംബരത്തെ ഇവിടെയെത്തിച്ച് ഇന്ദ്രാണിക്കൊപ്പം സിബിഐ ചോദ്യം ചെയ്തിരുന്നു. കാര്‍ത്തിക്ക് കൈക്കൂലി നല്‍കിയതായി ഇന്ദ്രാണി മുഖര്‍ജി സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് സിബിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ഐഎന്‍എക്‌സ് മീഡിയ കേസ്

പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനി 2007 ല്‍ മൗറീഷ്യസിലുള്ള മൂന്ന് കമ്പനികളില്‍ നിന്നായി 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചു. എന്നാല്‍ വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) 4.62 കോടി സ്വീകരിക്കാനുള്ള അനുമതിയെ നല്‍കിയിരുന്നുള്ളൂ.

ആദ്യം വിസമ്മതിച്ച എഫ്‌ഐപിബി പിന്നീട് ഇതിന് അംഗീകാരം നല്‍കി. അന്ന് യുപിഎ ഭരണകാലത്ത് പി ചിദംബരമായിരുന്നു കേന്ദ്രധനമന്ത്രി. ഈ സ്വാധീനം ഉപയോഗിച്ച് കാര്‍ത്തി ചിദംബരം അനുമതി നേടിക്കൊടുത്തു എന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. കൈക്കൂലി വാങ്ങിയാണ് കാര്‍ത്തി ഇത് ചെയ്തതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top