ദുരൂഹതകള്‍ നീങ്ങുന്നില്ല, ഇരുളിന്റെ വെളിച്ചത്തില്‍ വിസ്മയം തീര്‍ക്കാന്‍ ഒടിയന്‍ മാണിക്യന്‍

യൗവ്വനത്തിന്റെ സുന്ദരകാലത്തെ മാണിക്യനെ കാണാനുള്ള ആവേശത്തിലാണ് ഓരോ മലയാളി പ്രേക്ഷകരും. ഒടിയന്‍ മാണിക്യനിലേക്കുള്ള ലാലിന്റെ ഓരോ യാത്രയും ആരാധകരും ഏറെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. മാണിക്യനുവേണ്ടിയുള്ള കാത്തിരിപ്പ് തുടരവെയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു ചിത്രം ചര്‍ച്ചയാവുന്നത്. ഒടിയനിലെ ലാലിന്റെ ഏറ്റവും പുതിയ ലുക്കാണ് നിമിഷം നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സുന്ദരനായ മാണിക്യന്റെ ഓരോ ചിത്രത്തിനും സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള കൈയടി ലഭിക്കാറുണ്ട്. ഒടിയന് വേണ്ടി ലാല്‍ നടത്തിയ കഠിനപരിശീലനമടക്കം ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്.

ലാലിന്റെ ചിത്രം കണ്ട ആരാധകര്‍ ഒടിയന്‍ 200 കോടി ക്ലബില്‍ കയറുമെന്ന ഉറപ്പാണ് പങ്കുവെയ്ക്കുന്നത്. അതേസമയം തങ്ങളുടെ ക്ഷമയെ പരീക്ഷിക്കല്ലേ എന്ന് പറയുന്ന ഒരാരാധകന്‍ ചിത്രം വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നും പറയുന്നു.

വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്. 1950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

DONT MISS
Top