ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സ്ഥിരംതൊഴില്‍ ഇല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ബിജെപി ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സ്ഥിരംതൊഴില്‍ ഇല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ പൊതുതൊഴില്‍ സ്ഥാപനങ്ങളിലും ഇനി താത്ക്കാലിക ജീവനക്കാരെ മാത്രമേ നിയമിക്കാന്‍ പാടുള്ളു, ഇതിലൂടെ തൊഴിലുടമയ്ക്ക് അനിയന്ത്രിതമായ അധികാരമാണ് കൈവന്നിരിക്കുന്നത്, കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും, ഇത് ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ബിജെപി ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സ്ഥിരം തൊഴില്‍ ഇല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇത് ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് ഭൂരിപക്ഷം നേടിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രാഷ്ട്രീയ രംഗത്തുണ്ടായ ഘടനാപരമായ മാറ്റമായിരുന്നു. തുടര്‍ന്ന് മത ന്യൂനപക്ഷങ്ങള്‍, ദളിത് ജനവിഭാഗങ്ങള്‍, പിന്നോക്ക സമുദായക്കാര്‍, തൊഴിലാളികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്കൊന്നും ജീവിക്കാന്‍ കഴിയാത്ത രാജ്യമായി ഇന്ത്യ മാറി. അതിന്റെ തുടര്‍ച്ചയാണ് തൊഴില്‍ മേഖലയിലുള്ള മാറ്റവും. എല്ലാ പൊതുതൊഴില്‍ സ്ഥാപനങ്ങളിലും ഇനി താത്ക്കാലിക ജീവനക്കാരെ മാത്രമേ നിയമിക്കാന്‍ പാടുള്ളു. തൊഴിലുടമയ്ക്ക് അനിയന്ത്രിതമായ അധികാരമാണ് കൈവന്നിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം.

കമ്മ്യൂണിസ്റ്റുകാരുള്ളത് കൊണ്ടാണ് ഇവിടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി കൊടുക്കേണ്ടി വരുന്നതെന്നാണ് ത്രിപുര തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കൂലിക്കൂടുതലിന് വേണ്ടി സമരം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായാല്‍ ഇന്ത്യയില്‍ തൊഴിലുടമകള്‍ക്ക് സുരക്ഷിതമായി സ്ഥാപനങ്ങള്‍ നടത്താനാവുമെന്നും മോദി പറഞ്ഞു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ തൊഴിലുടമകള്‍ക്ക്, മുതലാളിമാര്‍ക്ക്, കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ നിയമം തന്നെ ഭേദഗതി ചെയ്യുന്നതിലേക്ക് ബിജെപി സര്‍ക്കാര്‍ നീങ്ങിയത്. ഈ നിയമത്തെ ബിഎംഎസ് അംഗീകരിക്കുന്നുണ്ടോ?

DONT MISS
Top