രാജ്യസഭാ തെരഞ്ഞെടുപ്പ്: യുപിയില്‍ ക്രോസ് വോട്ടിംഗ്, ബിഎസ്പി, എസ്പി എംഎല്‍എമാരുടെ വോട്ട് ബിജെപിക്ക്

അനില്‍ സിംഗ്

ലഖ്‌നൗ: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 25 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (5), കര്‍ണാടക (4), തെലുങ്കാന (3), ജാര്‍ഖണ്ഡ് (2), ഛത്തീസ്ഗഢ് (1) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും പുരോഗമിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടന്നു. ബിഎസ്പിയുടെയും എസ്പിയുടെയും ഓരോ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. താന്‍ യോഗി ആദിത്യനാഥിന് ഒപ്പമാണെന്ന് വോട്ട് ചെയ്ത ശേഷം ബഎസ്പി എംഎല്‍എ അനില്‍ സിംഗ് പറഞ്ഞു. രാജ്യസഭയില്‍ ഒരംഗത്തെ ലക്ഷ്യമിടുന്ന മായാവതിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് ഈ നീക്കം.

സംസ്ഥാനത്തെ പത്ത് സീറ്റുകളില്‍ എട്ടെണ്ണത്തിലും ബിജെപി വിജയം ഉറപ്പിച്ചിട്ടുണ്ട്. ഒന്‍പതാമത്തെ സീറ്റില്‍ അട്ടിമറി വിജയം നേടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിനായാണ് ഒന്‍പതാമതൊരു സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത്. എട്ട് സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് കഴിഞ്ഞാല്‍ 28 ഒന്നാം വോട്ടുകളാണ് ബിജെപിക്ക് അധികം ഉണ്ടാവുക. വിജയത്തിന് പിന്നീട് ഒന്‍പത് ഒന്നാം വോട്ടുകള്‍ കൂടി ലഭിക്കേണ്ടതുണ്ട്.

ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 37 ഒന്നാം വോട്ടുകളാണ് വേണ്ടത്. നിയമസഭയില്‍ 300 ലെറെ അംഗങ്ങളുള്ള ബിജെപിക്ക് എട്ട് പേരുടെ വിജയം ഉറപ്പായിക്കഴിഞ്ഞു. 47 അംഗങ്ങളുള്ള എസ്പിയും ഒരു സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒരു സീറ്റിലേക്കാണ് പോരാട്ടം നടക്കുന്നത്. 19 എംഎല്‍എമാരുള്ള ബിഎസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. എസ്പിയുടെ ബാക്കിയുള്ള 10 പേരും കോണ്‍ഗ്രസിന്റെ ആകെയുള്ള ഏഴ് പേരും ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ബിഎസ്പിയുടെ ബാക്കിയുള്ള 18 വോട്ടുകളും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചാലും 35 വോട്ടുകളെ ആവുകയുള്ളൂ. ഈ സാഹചര്യത്തില്‍ രണ്ടാം വോട്ടുകളുടെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാനാണ് സാധ്യത.

DONT MISS
Top