മന്ദിരങ്ങള്‍ മിനുക്കാന്‍ മന്ത്രിമാരുടെ ധൂര്‍ത്ത് ; മുന്നില്‍ ഇപി ജയരാജന്‍, ചെലവഴിച്ചത് 13 ലക്ഷം രൂപ

ഫയല്‍ചിത്രം

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംസ്ഥാനത്തെ  മന്ത്രി മന്ദിരങ്ങളിലെ ധൂര്‍ത്തിന് കുറവില്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. മന്ത്രിമന്ദിരങ്ങള്‍ മിനുക്കാന്‍ മന്ത്രിമാര്‍ വിനിയോഗിച്ചത് കോടികളാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗികവസതികളില്‍ വേണ്ട അറ്റകുറ്റപണികള്‍ക്കായി ചെലവഴിച്ചത് ഒരു കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റകുറ്റപണികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മുന്‍ മന്ത്രി ഇപി ജയരാജനാണ്.  കാര്‍ഷിക-വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ ഇപി ജയരാജന്‍ താമസിച്ച ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത്‌ 13 ലക്ഷം രൂപയാണ്.

രണ്ടാം സ്ഥാനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. 12 ലക്ഷം രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. കടന്നപള്ളി രാമചന്ദ്രന്‍ ആറ് ലക്ഷത്തോളം രൂപ വിനിയോഗിച്ചിട്ടുണ്ട്.  മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റക്കുറ്റപണികള്‍ക്കായി  വിനിയോഗിച്ചിട്ടുള്ളത് ഒന്‍പത് ലക്ഷത്തോളം രൂപയാണ്.

ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചിട്ടുള്ളത് ജി സുധാകരനാണ്. 33000 രൂപയാണ് അദ്ദേഹം മന്ത്രിമന്ദിരം മോടികൂട്ടാനായി വിനിയോഗിച്ചിട്ടുള്ളത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രിമാരുടെ ധൂര്‍ത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

DONT MISS
Top