അനില്‍കുമാറിന്റെ കുടുംബത്തിന് ഒടുവില്‍ നീതി; വിധി അനാഥമാക്കിയ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കൊല്ലം കല്ലമ്പലം സ്വദേശി അനില്‍കുമാറിന്റെ കുടുംബത്തിന് ഒടുവില്‍ നീതി. വിധി അനാഥമാക്കിയ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനാണ് ഇടപെട്ടിരിക്കുന്നത്. അനിലിന്റെ അപകടമരണത്തെക്കുറിച്ച് കോടതിയെ അറിയിക്കാതെ മറച്ചുപിടിച്ച പൊലീസ് നടപടി റിപ്പോര്‍ട്ടറാണ് പുറത്ത് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശകമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അനില്‍കുമാര്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. മരണം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസിന്‍െ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല. അര്‍ഹമായ നഷ്ടപരിഹാരത്തിനായി പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുമായി ലീന സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന ദുരവസ്ഥ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. കേസിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അനില്‍കുമാറിനെ ഇടിച്ചു തെറിപ്പിച്ച വാഹനം പരാതിക്കാര്‍ തന്നെ കണ്ടെത്തി നല്‍കണമെന്നായിരുന്നു കല്ലമ്പലം പൊലീസിന്റെ വിചിത്ര വാദം. കേസിന്റെ പുരോഗതി അന്വേഷിച്ച് സ്‌റ്റേഷനിലെത്തുന്ന തങ്ങളെ പൊലീസ് അസഭ്യം പറയുകയാണെന്നും ലീനയ്ക്ക് പരാതിയുണ്ട്.

പിതാവ് നഷ്മായതോടെ അനാഥമായ മൂന്ന് ബാല്യങ്ങളാണ് അധികാരികളുടെ കനിവും തേടി ജീവിതം തള്ളിനീക്കുന്നത്. അച്ഛനെ ഒരു നോക്ക് പോലും കണ്ടില്ലാത്ത ഒരു വയസ്സുകാരി അഷ്ടമി ഏവരുടേയും കണ്ണ് നിറയ്ക്കുന്ന കാഴ്ച തന്നെയാണ്. മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടതോടെ വൈകിപ്പോയ നീതി തിരികെ ലഭിക്കുന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

DONT MISS
Top