ഭരണഘടന ബെഞ്ചിന് മുമ്പാകെ നടന്ന ‘ഓപ്പണ്‍ ഡിഫെന്‍സ്’

ഡോ. ബി ബാലഗോപാല്‍

പവര്‍ പോയിന്റ് പ്രെസന്റേഷന്‍ എന്ന് മാധ്യമ ഭാഷയില്‍ പറയാം, പക്ഷേ സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഇന്ന് ഉച്ചക്ക് ശേഷം നടന്നത് ഒരു ഓപ്പണ്‍ ഡിഫെന്‍സായിരുന്നു. ആധാര്‍ എന്ന വിവാദ വിഷയത്തില്‍ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി സിഇഓ ഡോ. അജയ് ഭൂഷണ്‍ പാണ്ഡെ നടത്തിയ ഓപ്പണ്‍ ഡിഫെന്‍സ്. പാണ്ഡെയുടെ ‘ഓപ്പണ്‍ ഡിഫെന്‍സ്’ സുപ്രിം കോടതിയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിക്കുന്ന ഒന്നാണ്. കാരണം, ഇതിന് മുമ്പ് തുറന്ന കോടതിയില്‍ ഒരു പവര്‍ പോയിന്റ് പ്രെസെന്റേഷന്‍ നടന്നിട്ടുണ്ടോ എന്ന് അറിയില്ല.

സുപ്രിം കോടതിയില്‍ ഡോ. അജയ് ഭൂഷണ്‍ പാണ്ഡെയുടെ പവര്‍ പോയിന്റ് പ്രെസെന്റേഷനുവേണ്ടി ഇന്ന് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. കോടതിമുറിയുടെ മുന്‍ഭാഗത്തെ ഇടതുവശത്ത് ജഡ്ജിമാര്‍ക്ക് അഭിമുഖമായി ഒരു വലിയ സ്‌ക്രീന്‍. ഇടതുവശത്ത് അഭിഭാഷകര്‍ക്കും, ഗാലറിക്കും അഭിമുഖമായി മറ്റൊരു സ്‌ക്രീന്‍. രണ്ട് സ്‌ക്രീനുകള്‍ക്കും മുന്നില്‍ പ്രോജെക്ടറുകള്‍.

2.20 ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് എണീറ്റയുടനെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ക്ക് ഒപ്പം അജയ് ഭൂഷണ്‍ പാണ്ഡെ ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് പ്രവേശിച്ചു. ഒരു ഓപ്പണ്‍ ഡിഫെന്‍സ് ദിവസം എങ്ങനെ ആണോ ഒരു ഗവേഷണ വിദ്യാര്‍ത്ഥി നടക്കുന്നത് ആ ടെന്‍ഷന്‍ എല്ലാം ഡോ. അജയ് ഭൂഷന്റെ മുഖത്തും പ്രകടമായിരുന്നു. കോടതി മുറിയില്‍ അദ്ദേഹം നേരെ പോയത് ഇടത് വശത്ത് ജഡ്ജിമാര്‍ക്ക് അഭിമുഖമായിസ്ഥാപിച്ചിരുന്ന വലിയ സ്‌ക്രീനിന്റെ അടുത്തേക്കായിരുന്നു.

പ്രോജെക്ടറില്‍ പ്രോംപ്റ്റ് ചെയ്യാന്‍ ഇരുന്ന ഉദ്യോഗസ്ഥന് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കി. സ്പയറല്‍ ചെയ്ത ഒരു കെട്ട് കടലാസ് കഷണങള്‍ ഡോ. ഭൂഷന്റെ കൈയ്യില്‍ ഉണ്ടായിരുന്നു, ഇത് പ്രെസെന്റേഷന്‍ സ്ലൈഡുകളുടെ പ്രിന്റ് ഔട്ട് ആണെന്ന് തോന്നി. തന്റെ കയ്യില്‍ ഉള്ള ഫയലിലെ കടലാസുകളും, സ്‌ക്രീനിലെ സ്ലൈഡുകളും അദ്ദേഹം ഓടിച്ച് നോക്കുന്നതിനിടയില്‍ പ്രോംപ്റ്റര്‍ പണിമുടക്കി. ഒട്ടും പതറാതെ വലത് ഭാഗത്തെ പ്രോംപ്റ്റര്‍ ഇടത് ഭാഗത്തേക്ക് മാറ്റാന്‍ ഭൂഷണ്‍ നിര്‍ദേശം നല്‍കി.

2.40 ന് ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ കോടതിയില്‍ എത്തി. കോടതിയുടെ ഒന്നാം നിരയില്‍ മധ്യത്തില്‍ ഇടത് ഭാഗത്തെ ആദ്യ കസേരക്ക് മുന്നില്‍ ഡോ. അജയ് ഭൂഷണ്‍ നിലയുറപ്പിച്ചു. തൊട്ട് അടുത്ത് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, അതിന് അപ്പുറത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. മധ്യത്തിലെ വലത് ഭാഗത്ത് സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍, തൊട്ട് അടുത്ത് സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥ്. വലത് ഭാഗത്തെ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇടത് ഭാഗത്തെ സ്‌ക്രീന്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് വയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പവര്‍ പോയിന്റ് പ്രെസെന്റേഷന്‍ ആരംഭിച്ചു.

പിഎച്ച്ഡി ഓപ്പണ്‍ ഡിഫെന്‍സിനെ വീണ്ടും ഓര്‍മിപ്പിക്കുന്നതായിരുന്നു ഡോ. അജയ് ഭൂഷണ്‍ പാണ്ഡെയുടെ തുടക്കം. ശബ്ദം കുറച്ച്, മെല്ലെ തുടങ്ങി. ഒരു ചോദ്യത്തിലൂടെയാണ് അമേരിക്കയിലെ മിനിസ്സോട്ട സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കിയ അജയ് ഭൂഷണ്‍ പാണ്ഡെ തന്റെ പവര്‍ പോയിന്റ് പ്രെസന്റേഷന്‍ ആരംഭിച്ചത്. ‘Who are you?’, ആരും എവിടെ പോയാലും കേള്‍ക്കുന്ന ആദ്യ ചോദ്യം എന്ന ആമുഖത്തോടെ ആണ് വിഷയത്തിലേക്ക് പാണ്ഡേ കടന്നത്. ഒരു വ്യക്തിയുടെ സ്വത്വം ആയി ബന്ധപ്പെട്ട ഈ ചോദ്യം അഭിമുഖികരിക്കാത്ത ആരും കാണില്ല എന്ന് കൂട്ടിച്ചേര്‍ത്തു. അത് പോലെ തന്നെ സ്വത്വം ആയി ബന്ധപ്പെട്ട ‘who am I’  എന്ന ചോദ്യവും പ്രധാനപെട്ടതാണ് എന്ന് പാണ്ഡെ പറഞ്ഞു.

സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ തനിക്ക് ഒരു ഐഡന്റിറ്റി കാര്‍ഡ് ഇല്ലായിരുന്നു. കോളേജില്‍ പഠിച്ചിരുന്നപ്പോഴും ഐഡന്റിറ്റി കാര്‍ഡ് ഇല്ലായിരുന്നു. 1984 ബാച്ചില്‍ മഹാരാഷ്ട്ര കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥനായി എത്തുമ്പോഴായിരുന്നു ജീവിതത്തില്‍ ആദ്യമായി ഒരു ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍ അതിലും ഫോട്ടോ പതിപ്പിച്ചിട്ടില്ലായിരുന്നു. 1990 കളുടെ തുടക്കത്തില്‍ ടിഎന്‍ ശേഷന്‍ ഇന്ത്യയുടെ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി വന്നപ്പോഴാണ് തെരെഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. അക്കാലത്ത് മഹാരാഷ്ട്രയില്‍ കളക്ടര്‍ ആയിരുന്ന തനിക്ക് ജീവിതത്തില്‍ ആദ്യമായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. അത് വരെ ഐഡന്റിറ്റി തെളിയിക്കുന്നതിന് പല ഘട്ടങ്ങളിലും ബുദ്ധിമുട്ട് നേരിട്ടതായി അജയ് ഭൂഷണ്‍ പാണ്ഡെ കോടതിയില്‍ വിശദീകരിച്ചു.

എന്നാല്‍ ഇന്ന് കാലം മാറി എന്ന് പാണ്ഡെ വിശദീകരിച്ചു. ഒരു കുട്ടി ജനിച്ചാല്‍ പ്രസവ വാര്‍ഡില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിന് മുമ്പ് തന്നെ ആധാര്‍ നമ്പര്‍ ലഭിക്കുന്നു. ആ നമ്പര്‍ ആ കുട്ടിയുടെ മരണം വരെ അവര്‍ക്ക് സ്വന്തം. മരിച്ചു കഴിഞ്ഞാലും മറ്റാര്‍ക്കും ആ നമ്പര്‍ നല്‍കില്ല. അങ്ങനെ സ്വത്വമോ തിരിച്ചറിയില്‍ പ്രതിസന്ധിയോ ഇല്ലാതെ ഓരോ ഇന്ത്യക്കാരനും ജീവിക്കാം. ഈ ആമുഖത്തിന് ശേഷമാണ്, എന്താണ് ആധാര്‍ എന്നും, ആധാറുമായുള്ള തന്റെ 8 വര്‍ഷത്തെ ബന്ധത്തെ കുറിച്ചും ഡോ. അജയ് ഭൂഷണ്‍ പാണ്ഡെ വിശദീകരിച്ചത്.

വ്യക്തി ജീവിതത്തിലെ ചില അനുഭവങ്ങളില്‍ കൂടി ആണ് ആധാറിന്റെ അനിവാര്യതയെക്കുറിച്ച് ഡോ.അജയ് ഭൂഷണ്‍ പാണ്ഡെ വാചാലന്‍ ആയത്. മഹാരാഷ്ട്രയില്‍ ഒരു പൊതു മേഖല സ്ഥാപനത്തിന്റെ മേധാവി ആയിരുന്ന കാലത്ത് ഒരു അടുത്ത ബന്ധുവിന് സിഎംപിയോസില്‍ അഡ്മിഷന്‍ ലഭിച്ചു. തന്റെ ഒപ്പം ആയിരുന്നു പിന്നീട് താമസം. സ്വന്തമായി അഡ്രസ് ഇല്ലാത്തതിനാല്‍ ബാങ്ക് അകൗണ്ട് തുടങ്ങാന്‍ ആ കുട്ടി അനുഭവിച്ച പ്രയാസത്തെ കുറിച്ച് വിശദീകരിച്ച പാണ്ഡെ, ഇന്നാണെങ്കില്‍ ആധാര്‍ നമ്പറും ആയി ബാങ്കില്‍ എത്തിയാല്‍ അകൗണ്ടുമായി തിരികെ പോകാമെന്നും ബാക്കി സമയം പഠനത്തിനായി നീക്കിവയ്ക്കാം എന്നും പാണ്ഡെ പറഞ്ഞു.

അഴിമതി തടയാന്‍ ആധാര്‍ എങ്ങനെ അനിവാര്യം ആകുന്നു എന്നതിനെ കുറിച്ച് പാണ്ഡെ വിശദീകരിച്ചതും കുട്ടികാലത്തെ ഒരു ജീവിത അനുഭവം പങ്ക് വച്ചാണ്. വീട്ടില്‍ റേഷന്‍ കടയില്‍ നിന്ന് സാധനം വാങ്ങാന്‍ അമ്മ അയച്ചിരുന്നത് തന്നെ ആയിരുന്നു. എപ്പോള്‍ കടയില്‍ ചെന്നിരുന്നാലും അടുത്ത ദിവസം വരാന്‍ പറഞ്ഞ് കടക്കാരന്‍ മടക്കി അയക്കുമായിരുന്നു. പലപ്പോഴും തങ്ങള്‍ക്ക് അവകാശപ്പെട്ട റേഷന്‍ മറ്റുള്ളവര്‍ക്ക് കടക്കാരന്‍ മറിച്ച് വില്‍ക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആധാര്‍ വന്നതോടെ പൂഴ്ത്തിവഴപ്പും കരിച്ചന്തയും കുറഞ്ഞു എന്ന് അജയ് ഭൂഷണ്‍ പാണ്ഡെ അവകാശപ്പെട്ടു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും ആധാര്‍ ഒറ്റമൂലി അല്ല. സാങ്കേതിക വിദ്യ പുരാഗിമിക്കുമ്പോള്‍ നിലവിലെ സംവിധാനം കൂടുതല്‍ കുറ്റമറ്റതാകും. 2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാറും ആയി ബന്ധപ്പെട്ട ബിയോമെട്രിക് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം സൂപ്പര്‍ കംപ്യുട്ടറുകള്‍ ഉപയോഗിച്ചാല്‍ പോലും ഇവ തകര്‍ത്തു ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുക അസാധ്യമാണെന്നും അമേരിക്കയിലെ മിനിസ്സോട്ട സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പി എച്ച് ഡി കരസ്ഥമാക്കിയ അജയ് ഭൂഷണ്‍ പാണ്ഡെ അവകാശപ്പെട്ടു. സിബിഐ ഉള്‍പ്പടെ ഉള്ള അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ പോലും ബയോമെട്രിക് വിവരങ്ങള്‍ കൈമാറില്ല. അതേസമയം സാങ്കേതിക തകരാറുകള്‍ കാരണം ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും പാണ്ഡെ സമ്മതിച്ചു.

ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് സിക്രിയും, ജസ്റ്റിസ് ചന്ദ്രചൂടും ഇടയ്ക്ക് ഇടയ്ക്ക് മനോഹരം ആയ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും അജയ് ഭൂഷണ്‍ പാണ്ഡെ നല്‍കി. ചില ചോദ്യങ്ങള്‍ക്ക് ഒഴുക്കന്‍ മട്ടിലുള്ള മറുപടി നല്‍കി വിഷയം തിരിച്ചുവിട്ടു. വിരലിലെണ്ണാവുന്ന ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പതറുകയും ചെയ്തു.

കൃത്യം നാല് മണിക്കുതന്നെ ഒന്നാം ദിവസത്തെ ഓപ്പണ്‍ ഡിഫെന്‍സ് അവസാനിച്ചു. ഇനി രണ്ടാം ഭാഗം. അത് അടുത്ത ചൊവ്വാഴ്ച. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് ഉള്‍പ്പടെ ഉള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ അന്ന് വിശദീകരിക്കാം എന്നാണ് പാണ്ഡെ ഇന്ന് കോടതിയില്‍ അറിയിച്ചത്. അങ്ങനെ ഒരു മാധ്യമ ജീവിതത്തില്‍ ഒരു ചരിത്ര നിമിഷത്തിന് കൂടി ഇന്ന് സാക്ഷിയായി.

DONT MISS
Top