പൂരാഘോഷത്തിന്റെ നിറവില്‍ ഉത്തരകേരളം; കാമദേവനെ വരവേല്‍ക്കാനൊരുങ്ങി കന്യകകള്‍

പൂരാഘോഷത്തിന്റെ നിറവിലാണ് ഉത്തരകേരളം. മീനമാസത്തിലെ പൂരം വടക്കേമലബാറില്‍ ജനകീയ ആഘോഷമാണ്. കാവുകളും വീടുകളും പൂരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പൂരാഘോഷത്തിന് പിന്നില്‍ മനോഹരമായൊരു ഐതിഹ്യമുണ്ട്.

പരമശിവന്‍ മൂന്നാം തൃക്കണ്ണ് കൊണ്ട് കാമദേവനെ ദഹിപ്പിച്ചപ്പോള്‍ കന്യകമാര്‍ സങ്കടത്തിലായി. കാമനെ പുനര്‍ജനിപ്പിക്കാന്‍ അവര്‍ പൂര എന്ന ദേവസ്ത്രീയുടെ നേതൃത്വത്തില്‍ വഴി തേടി. പാട്ടും ആട്ടവുമായി ഒന്‍പത് ദിവസങ്ങള്‍, ഒന്‍പതാം ദിവസം പൂക്കള്‍ കൊണ്ടവര്‍ കാമന്റെ രൂപം മെനഞ്ഞുണ്ടാക്കി. പിന്നീട് അടുത്ത തവണ നേരത്തെ വരണേ എന്ന അപേക്ഷയോടെ തങ്ങളുണ്ടാക്കിയ കാമരൂപത്തെ വാരിയെടുത്ത് മരച്ചുവട്ടില്‍ നിക്ഷേപിക്കുന്നു.

ഈ ഐതിഹ്യത്തിന്റെ ആവര്‍ത്തനമാണ് ഉത്തരകേരളത്തിലെ പൂരം. പൂരോത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ചടങ്ങാണ് ചങ്ങാത്തം ചോദിക്കല്‍. പൂരോത്സവം നാടിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഈ ചടങ്ങ് നടത്തുന്നത്.

പൂരോത്സവത്തിന്റെ ഭാഗമായി പൂരക്കളിയും മറത്തുകളിയും വിവിധ ക്ഷേത്രങ്ങളില്‍ നടക്കാറുണ്ടെങ്കിലും ചങ്ങാത്തം ചോദിക്കല്‍ ചടങ്ങ് അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമാണ് നടക്കാറുള്ളത്. പൂരപ്പന്തലില്‍ നിന്ന് ആര്‍പ്പുവിളികളോടെ പുറപ്പെടുന്ന സംഘം ആദ്യം തുരുത്തിക്കര പ്രദേശത്തുള്ള വീടുകളിലാണ് ചങ്ങാത്തം ചോദിക്കാന്‍ കയറിയിറങ്ങുന്നത്.

പിന്നീട് തുരുത്തിക്കഴകത്തിന് കിഴക്കുഭാഗത്തുള്ള പ്രദേശത്ത് ഒത്തുകൂടുന്നു. വണ്ണാത്തിക്കടവില്‍ നിന്ന് പുഴ നീന്തിക്കടന്ന് ഓരിയിലേക്കെത്തുന്നു. ചങ്ങാത്തക്കാരെ സ്വീകരിക്കാന്‍ കാവിന്‍ചിറ ഭാഗത്ത് ധാരാളംപേര്‍ ഒത്തുകൂടും.

തുരുത്തി നീലിമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ തെക്കേക്കര ഭാഗത്ത് നിന്നുള്ള ചങ്ങാത്തം ചോദിക്കല്‍ ചടങ്ങ് വിവിധ പരിപാടികളോടെയാണ് നടന്നത്. പൂരപ്പന്തലായ തലക്കാട്ട് ക്ഷേത്രത്തില്‍ നിന്നാണ് ചങ്ങാത്തം ചോദിക്കല്‍ ആരംഭിക്കുന്നത്.

ചങ്ങാത്തം ചോദിച്ചെത്തുന്നവര്‍ എല്ലാ വീടുകിലും ചെല്ലണമെന്നാണ് നിയമം. ഏതെങ്കിലും വീട് വിട്ടുപോവുകയാണെങ്കില്‍ ക്ഷേത്രത്തില്‍ പിഴ വെക്കണമെന്നാണ് വിശ്വാസം. വീടു കയറുന്ന സംഘത്തില്‍ ഒരാളെങ്കിലും വിവാഹിതനായിരിക്കണമെന്നും നിയമമുണ്ട്.

DONT MISS
Top