കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം: ഇറാഖ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: കോണ്‍ഗ്രസുമായി ചേര്‍ത്ത് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടാക്കുന്നത് ഇറാഖ് പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധം മറയ്ക്കാനാണ് കേംബ്രിഡ്ജ് അനലിറ്റക്കയുമായി ചേര്‍ത്ത് കോണ്‍ഗ്രസിനെതിരെ വിവാദമുണ്ടാക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രശ്‌നം: 39 ഇന്ത്യക്കാര്‍ മരിച്ചു സര്‍ക്കാര്‍ കള്ളം പറഞ്ഞത് പിടിക്കപ്പെട്ടു
പരിഹാരം: രേഖ ചോര്‍ത്തല്‍ വിവാദം കോണ്‍ഗ്രസിന് മേല്‍ കെട്ടിവെയ്ക്കുക
ഫലം: മാധ്യമങ്ങള്‍ അതില്‍ വീണു 39 ഇന്ത്യക്കാരെ മറന്നു, പ്രശ്‌നം പരിഹരിച്ചു, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളിയായ ഒവ്‌ലിന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ബിജെപി, കോണ്‍ഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദള്‍ തുടങ്ങിയവ തങ്ങളുടെ ഇടപാടുകാരാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് നേതാക്കള്‍ ഈ കമ്പനിയുമായി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണം തെറ്റായിരുന്നുവെന്നും ബിജെപിയും നരേന്ദ്രമോദിയുമാണ് കേംബ്രിഡ്ജ് അനലറ്റിക്കയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. 2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജനതാദള്‍ യു സഖ്യത്തെ വിജയിപ്പിക്കാന്‍ ഇടപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. ജെഡിയു നേതാവ് കെസി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗിയാണ് ഒവ്‌ലിന്റെ പിന്നിലുള്ളത്.

2012ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി സഹായിച്ചെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ത്യാഗി വെളിപ്പെടുത്തിയിരുന്നു. 2010ലും 2011ലും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയിലെ ഇടപെടലുകള്‍ വിവാദമായതിനെ തുടര്‍ന്ന് ഒവ്‌ലിന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ വെബ്‌സൈറ്റ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

DONT MISS
Top