ബിഹാറില്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്ത സംഭവം; യുവതി മരിച്ചു

യുവതിയെ ശസ്ത്രക്രിയ ചെയ്യുന്നു

പാറ്റ്‌ന: വൈദ്യുതി ബന്ധം കട്ടായപ്പോള്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ബിഹാറിലെ സദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണം എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ സംതൃപ്തി ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസം കാത്തിരിക്കാനുമാണ് ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പെട്ടെന്ന് തന്നെ യുവതിയുടെ എല്ലുകളില്‍ പൊട്ടലുകള്‍ ഉള്ളതായും ശരീരത്തിന്റ ആന്തരിക ഭാഗങ്ങളില്‍ പരുക്ക് ഉള്ളതായും പറഞ്ഞു. തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു.

കരണ്ട് ഇല്ലാത്തതിനാല്‍ ടോര്‍ച്ച് അടിച്ചായിരുന്നു യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. കരണ്ട് പോകുമ്പോള്‍ പകരം ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതിനാലാണ് ടോര്‍ച്ച് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് എടുത്തിട്ടില്ലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിശദീകരണം നല്‍കിയിട്ടില്ല. റോഡ് അപകടത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

DONT MISS
Top