അംബേദ്കര്‍ക്കെതിരായ വിവാദ ട്വീറ്റ്: ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ കേസ്‌

ഹാര്‍ദ്ദിക് പാണ്ഡ്യ

ജോധ്പൂര്‍: ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കര്‍ക്കെതിരായ വിവാദ ട്വീറ്റിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ കേസ്. ജോധ്പൂര്‍ കോടതിയാണ് താരത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ടത്.

അംബേദ്കറുടെ സംവരണ നയത്തെ എതിര്‍ത്തുകൊണ്ടുള്ള ഹാര്‍ദ്ദികിന്റെ ട്വീറ്റ് ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഡിആര്‍ മെഗ്വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടത്. എസ്‌സി-എസ്ടി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്.

ഡിസംബര്‍ 26 ന് @sirhardik3777 എന്ന അക്കൗണ്ടില്‍ നിന്നാണ് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാണ് അംബേദകര്‍? ഭരണഘടന എഴുതി ആളോ അതോ രാജ്യത്ത് സംവരണം എന്ന രോഗം പടര്‍ത്തിയ ആളോ എന്നുമാണ് ട്വീറ്റ്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അത് ഹാര്‍ദ്ദികിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടല്ലെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top