ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണം നടത്തിയത് കേംബ്രിഡ്ജ് അനലിറ്റിക്ക: മന്ത്രി രവിശങ്കര്‍ പ്രസാദ്

രവി ശങ്കര്‍ പ്രസാദ്

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പേരില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടിയെന്ന ആരോപണവുമായി കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്തെത്തി. അതേസമയം, ആരോപണത്തെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ തള്ളിക്കളഞ്ഞു.

ഗുജറാത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം നിയന്ത്രിച്ചത് കേംബ്രിഡ്ജ് അനലിറ്റിക്കയാണെന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരിക്കുന്നത്. “ഗുജറാത്തിലെ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ നോക്കിനടത്തിയത് കേബ്രിഡ്ജ് അനലിറ്റിക്കയായിരുന്നു. രാഹുലിന് അനലിറ്റിക്കയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മാസങ്ങള്‍ മുന്‍പേ വന്നതാണ്”. മന്ത്രി പറഞ്ഞു.

എന്നാല്‍ രവിശങ്കര്‍ പ്രസാദിന്റെ ആരോപണങ്ങളെ ശശി തരൂര്‍ എംപി തള്ളിക്കളഞ്ഞു. രവിശങ്കര്‍ പ്രസാദ് കള്ളം പറയുകയാണെന്നും കോണ്‍ഗ്രസിന് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി യാതൊരു ബന്ധവും ഇല്ലെന്നും തരൂര്‍ വ്യക്തമാക്കി.

“കോണ്‍ഗ്രസിനെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസിന് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ല. ഒരുകേന്ദ്രമന്ത്രി ഇത്തരത്തില്‍ കള്ളം പറയുന്നത് ഞെട്ടിപ്പിക്കുന്നു”. തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരായ ആരോപണത്തില്‍ നേരത്തെ രാഹുല്‍ ഗാന്ധിയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആരോപണം തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണം നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.

അതേസമയം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെട്ട സംഭവത്തില്‍ ഫെയ്‌സ് ബുക്കിന് വീഴ്ച സംഭവിച്ചെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സന്ദേശത്തിലൂടെ വ്യക്തമാക്കി.

DONT MISS
Top