പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം: സുപ്രിം കോടതി വിധിക്കെതിരെ ബിജെപി എംപിമാര്‍ രംഗത്ത്

ഫയല്‍ ചിത്രം

ദില്ലി: പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കിയ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് ബിജെപി എംപിമാര്‍. ദലിത് വിഭാഗത്തില്‍ നിന്നുള്ള ബിജെപി എംപിമാര്‍ കേന്ദ്രസാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ടിനെ കണ്ട് ആവശ്യം ഉന്നയിച്ചു. നേരത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസും വിധിക്കെതിരെ രംഗത്തെത്തിയിരുന്നു.

എംപിമാര്‍ ഉന്നയിച്ച ആശങ്കകള്‍ മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് പ്രധാനമന്ത്രിയെ ധരിപ്പിക്കും. വിധിക്കെതിരായ ആശങ്കള്‍ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബിജെപി ഭരണത്തിന് കീഴില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്നും വിധി പുനഃപരിശോധിക്കാന്‍ നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിധി എസ്‌സി-എസ്ടി നിയമത്തിലെ വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തും. ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വിധി മറികടക്കാന്‍ ആവശ്യമെങ്കില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ വ്യക്തികളെയും ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്.

DONT MISS
Top