സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമിക്കപ്പെട്ടത് യാദൃശ്ചികമാണെന്ന് പറയാനാകില്ല; കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: കീഴാറ്റൂര്‍ സമരനായകന്‍ സുരേഷിന്റെ വീട് ആക്രമിക്കപ്പെട്ടത് യാദൃശ്ചികമാണെന്ന് പറയാനാകില്ലെന്ന് വിഎം സുധീരന്‍. സമരപ്പന്തല്‍ കത്തിച്ച സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്നും, സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും സുധീരന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഇന്നലെ രാത്രിയോടെയാണ് സുരേഷിന്റെ വീടിന് നേരെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് സുരേഷിന്റെ മൊഴി. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കീഴാറ്റൂര്‍ സമരനായകന്‍ സുരേഷിന്റെ വീട് ആക്രമിക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ദേശീയതലത്തില്‍ തന്നെ ജനശ്രദ്ധയിലേക്ക് വന്ന കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം കൊടുക്കുന്ന സുരേഷിന്റെ വീട് ആക്രമിക്കപ്പെട്ടത് യാദൃശ്ചികമാണെന്ന് പറയാനാകില്ല. സുരേഷിന്റെ നേതൃത്വത്തിലുള്ള സമരത്തിനെതിരെ അക്രമം നടത്തിവരികയും സമരപ്പന്തല്‍ കത്തിക്കുകയും ചെയ്ത സംഭവങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണാനാകൂ. ഇതേക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യണം, തുടര്‍ നിയമനടപടികള്‍ക്ക് വിധേയരാക്കി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണം, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top