കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ ഇംഗ്ലണ്ട് സ്വദേശികളും

കാസര്‍ഗോഡ് : കേരള തീരം കാണാന്‍ കടല്‍ കടന്ന് എത്തിയവര്‍ക്ക് കാണാനായത് മനം മടുപ്പിക്കുന്ന കാഴ്ചകള്‍. അവര്‍ അപ്പോള്‍ തന്നെ ചാക്കുമെടുത്ത് ഇറങ്ങിത്തിരിച്ചത് തീരം ശുചീകരിക്കാനായിരുന്നു. പിന്നീട് അവരുടെ ശകാരവും ഇത്രയും സുന്ദരമായ തീരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇട്ട് നശിപ്പിക്കുന്നവര്‍ക്കെതിരെയായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് കടപ്പുറത്തെ ഹെര്‍മ്മിറ്റേജ് റിസോര്‍ട്ടിലെത്തിയ ഇംഗ്ലണ്ട് സ്വദേശികളായ ഹെയ്ഡി, മിക്കി, ലൂസി, കാത്തി, ട്രാസി, ലെന്നി എന്നിവരാണ് കടപ്പുറത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായത്.

ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തുന്ന വിദേശികളെ വരവേല്‍ക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. കേരളത്തിലെ കടല്‍തീരങ്ങളും മറ്റിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യകൂമ്പാരങ്ങള്‍ കാണുന്നു എന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ പറഞ്ഞു.

ഗ്രീന്‍ എര്‍ത്ത് കോര്‍ഡിനേറ്റര്‍ ഒഴിഞ്ഞവളപ്പിലെ കെ.കെ ഷാജിയും ഇവരോടൊപ്പം ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റിസോര്‍ട്ട് ജീവനക്കാരെ ഏല്‍പ്പിച്ചു. കടല്‍തീരത്ത് മദ്യപിക്കാന്‍ എത്തുന്ന സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളാണ് ഇവിടെ കുന്നു കൂടുന്നത്.

DONT MISS
Top