കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേശീയപാതാ അതോറിറ്റി: കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കണോ എന്ന് ദേശീയപാതാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ എകെജി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

കീഴാറ്റൂര്‍ വഴി ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചത് പിണറായി വിജയനോ ജി സുധാകരനോ അല്ല. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതും അവരാണ്. ദേശീയപാതാ അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്ത് കൊടുക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്വം.

കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. തെറ്റിദ്ധരിക്കപ്പെട്ടവര്‍ തെറ്റിദ്ധാരണ മാറ്റി തിരിച്ചുവരണം. സമരത്തിനെതിരെ സംഘര്‍ഷത്തിനോ സംഘട്ടനത്തിനോ സിപിഐഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും.

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കീഴാറ്റൂരിലേത് പോലുള്ള ചെറിയ സമരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത് ആര്‍എസ്എസ് ആണ്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോകില്ല. ഒരു നന്ദിഗ്രാം ഉണ്ടായെന്ന് കരുതി എല്ലായിടവും നന്ദിഗ്രാം ആക്കാമെന്ന് കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.

DONT MISS
Top